ഹാര്‍ട്ട് അറ്റാക്ക് സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ഡിഎന്‍എ സാങ്കേതികത മികച്ചതെന്ന് ശാസ്ത്രജ്ഞന്‍മാര്‍. നാല് ലക്ഷത്തോളം യുകെ പൗരന്‍മാരില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയുള്ളവരുടെ ജനിതക പ്രത്യേകതകള്‍ വേര്‍തിരിച്ചെടുത്തത് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാരാണ്. അഞ്ചുലക്ഷം ബ്രിട്ടീഷുകാര്‍ തങ്ങളുടെ സമകാലികരേക്കാള്‍ മൂന്നിരട്ടി ഹൃദയാഘാത സാധ്യതയുണ്ടെന്ന് ഈ പഠനത്തില്‍ വ്യക്തമായി. ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള രാജ്യവ്യാപകമായ സ്‌ക്രീനിംഗിന് ഈ കണ്ടുപിടിത്തം വഴിതെളിച്ചിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഒരു യുകെ ബയോബാങ്കിന് രൂപം നല്‍കിയിരിക്കുകയാണ് ഇവര്‍.
ഇതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ ഉപയോഗിച്ച് രോഗ സാധ്യത പ്രവചിക്കാനാകുന്ന റിസ്‌ക് സ്‌കോറുകള്‍ ഗവേഷകര്‍ രൂപീകരിച്ചു. കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹൃദയ സ്പന്ദനത്തില്‍ അസ്വാഭാവികതകള്‍ കാണിക്കുന്ന ഏട്രിയല്‍ ഫൈബ്രില്ലേഷന്‍, ടൈപ്പ് 2 ഡയബറ്റിസ്, വന്‍കുടലിലെ അസുഖങ്ങള്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നീ രോഗങ്ങളാണ് വിശകലന വിധേയമാക്കിയത്. പ്രത്യേക ജനിതക ഘടനയോടു കൂടിയ എട്ട് ശതമാനം ആളുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് വ്യക്തമായി. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ പ്രകടിപ്പിച്ചില്ലെങ്കില്‍ പോലും ഇവര്‍ക്ക് രോഗസാധ്യതയുണ്ട്.
വിപ്ലവകരമായ ഈ കണ്ടുപിടിത്തം ജനിക്കുമ്പോള്‍ത്തന്നെ രോഗസാധ്യത മനസിലാക്കാന്‍ കഴിയുന്ന വിധത്തിലേക്ക് വളരുമെന്നാണ് കരുതുന്നത്. ഹൃദ്രോഗങ്ങള്‍ക്ക് കാരണമായ സാധാരണ ഘടകങ്ങളേക്കാള്‍ ജനിതക ഘടകങ്ങളാണ് ഇത്തരക്കാരില്‍ അപകടകരമാകുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുകയാണ്. നിലവിലുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഇത്തരക്കാരെ കണ്ടെത്താന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ പോലും സമ്മതിക്കുന്നുണ്ട്.
Leave a Reply