ലണ്ടന്‍: തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് താരതമ്യേന ശരീരം ഭാരം കൂടി വരുന്നതായി ഗവേഷണം. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ ഗവേഷണഫലവും പുറത്തുവന്നിരിക്കുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളുടെ ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗവേഷണ റിപ്പോര്‍ട്ട്. തൊഴിലെടുക്കുന്ന അമ്മമാരുള്ള കുട്ടികളുടെ ശരീരഭാരം താരതമ്യേന കൂടുതലാണെന്നും ഇവരുടെ ഡയറ്റ് വളരെയധികം അശ്രദ്ധയോടെ ക്രമീകരിക്കപ്പെട്ടതാണെന്നും പഠനത്തില്‍ വ്യക്തമായതായി പ്രൊഫസര്‍ എംല ഫിറ്റ്‌സിമന്‍സ് ചൂണ്ടിക്കാണിച്ചു.
തൊഴിലെടുക്കുന്ന ‘സിംഗിള്‍ മദറുള്ള’ (Single Mother) കുടുംബങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം അച്ഛനും അമ്മയും കൂടെയുള്ള കുട്ടികളിലും അമിതഭാരമുണ്ടാക്കുന്ന തരത്തിലുള്ള ഡയറ്റുകള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ നിരക്കില്‍ മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന അമ്മമാരുടെ കൂടെ ജിവിക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരോ അല്ലെങ്കില്‍ കഴിക്കുന്നവരോ അല്ലെന്ന് പഠനം വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രകടനത്തെ വരെ ബാധിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് വിദഗ്ദ്ധരുടെ നിഗമനം.
പാര്‍ട് ടൈം, ഫുള്‍ ടൈം ജോലികള്‍ ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ഏതാണ്ട് സമാന അളവിലാണ്. കൃത്യമായ കണക്കുകള്‍ നോക്കിയാല്‍ ഫുള്‍ടൈം തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്കാണ് കൂടുതലായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്ന സംഭവവികാസമാണ്. തൊഴിലെടുക്കുന്ന അമ്മമാരുടെ മക്കളില്‍ ഏതാണ്ട് 19 ശതമാനം പേരും 3 മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന് മുന്നില്‍ ചെലവഴിക്കുന്നവരാണ്. കുട്ടികള്‍ക്ക് അനുവദിനീയമായതിലും കൂടുതല്‍ ഷുഗര്‍ ഇവര്‍ കഴിക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
Leave a Reply