ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പുതിയ മ്യുട്ടന്റ് സ്‌ട്രെയിൻ കോവിഡ് വൈറസ് സംബന്ധിച്ചുള്ള ആശങ്കകൾ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് ജനങ്ങളോട് പങ്കുവെച്ചിരിക്കുകയാണ്. വാക്സിനുകളുടെ ഫലപ്രാപ്തിയെ 40 ശതമാനത്തോളം കുറയ്ക്കുന്നതാണ് പുതിയ സ്ട്രെയിൻ എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ഇതു കൂടുതൽ ആശങ്കകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് സൗത്ത് ആഫ്രിക്ക ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ ബ്രിട്ടൻ നിരോധിച്ചു. ‘നു ‘ എന്ന പേരിടാനായി ലോകാരോഗ്യ സംഘടന തീരുമാനിച്ചിരിക്കുന്ന ഈ സ്ട്രെയിൻ നിലവിൽ സൗത്ത് ആഫ്രിക്കയിൽ കേസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളിലും ഈ സ്ട്രെയിൻ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതേതുടർന്നാണ് ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ബോട്സ്വാന, എസ്‌വാറ്റിനി, സിംബാബ്‌വെ എന്നിവിടങ്ങളിൽനിന്നുള്ള ഫ്ലൈറ്റുകൾ ബ്രിട്ടൻ നിരോധിക്കുവാൻ തീരുമാനിച്ചത്. അതോടൊപ്പം തന്നെ ആറ് രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനും തീരുമാനം ആയിട്ടുണ്ട്. യുകെയിൽ ഇതുവരെയും ഈ സ്ട്രെയിൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാൽ തന്നെയും സൗത്ത് ആഫ്രിക്കയിൽ നിന്നും കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തിയവർ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സ്‌ട്രെയിൻ സംബന്ധിച്ച് ശാസ്ത്രജ്ഞർ എല്ലാവരും തന്നെ ആശങ്കരാണെന്നും ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരികയാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഈ സ്‌ട്രെയിനിന് കൂടുതൽ വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും, ജനങ്ങൾ എല്ലാവരുംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്. സൗത്താഫ്രിക്കയിലെ സാഹചര്യങ്ങൾ വിലയിരുത്താനായി ലോകാരോഗ്യസംഘടന അധികൃതർ വെള്ളിയാഴ്ച ആഫ്രിക്കൻ ആരോഗ്യ അധികൃതരുമായി കൂടിക്കാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 59 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ആശങ്കകൾ വിട്ടൊഴിയുന്നില്ല.
Leave a Reply