എഡിന്‍ബറ: വന്യമൃഗങ്ങളെ സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നത് സ്‌കോട്ട്‌ലന്‍ഡ് നിരോധിച്ചു. സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വന്യമൃഗങ്ങളെ ഉപയോഗിച്ച് പ്രകടനങ്ങള്‍ നടത്തുന്ന ട്രാവലിംഗ് സര്‍ക്കസ് കമ്പനികള്‍ക്ക് ഇനി മുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍ പ്രവേശനമുണ്ടാകില്ല. എന്‍വയണ്‍മെന്റ് സെക്രട്ടറി റോസന്ന കണ്ണിംഗ്ഹാം അവതരിപ്പിച്ച ബില്ലിനെ 98 ശതമാനം പൊതുജനങ്ങളും അംഗീകരിച്ചു. വന്യമൃഗങ്ങളെ ട്രാവലിംഗ് സര്‍ക്കസുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നതെന്നും വന്യമൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ വിലക്കാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്ക് മാതൃക കാട്ടുക കൂടിയാണെന്ന് റോസന്ന കണ്ണിംഗ്ഹാം പറഞ്ഞു.
പരമാവധി മൃഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനായി വന്യമൃഗങ്ങള്‍ എന്നതിന് പ്രത്യേക വിശദീകരണം നിയമത്തില്‍ നല്‍കിയിട്ടില്ല. ഇത് കോടതികള്‍ക്ക് കൂടുതല്‍ ഇടപെടലുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമുള്ള അവസരം നല്‍കും. ഇപ്പോള്‍ ട്രാവലിംഗ് സര്‍ക്കസുകള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബില്‍ ഇനി സ്റ്റാറ്റിക് സര്‍ക്കസുകളില്‍ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനെയും നിരോധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. പക്ഷികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍, ഗ്രേഹൗണ്ട് റേസിംഗ് മുതലായവയും നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്.
സര്‍ക്കസുകളിലെ വന്യമൃഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം യുകെയില്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2013ലെ സഖ്യസര്‍ക്കാര്‍ ഇതിനായി നടപടികള്‍ സ്വീകരിച്ചെങ്കിലും നിയമനിര്‍മാണം മാത്രം ഉണ്ടായില്ല. യുണൈറ്റഡ് കിംഗ്ഡം രാജ്യങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് ആണ് ആദ്യമായി ഇത്തരത്തില്‍ ഒരു നിയമനിര്‍മാണം നടത്തുന്നത്.
Leave a Reply