യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ളവരെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. മികച്ച ശമ്പളമുള്ള ജോലിയും താമസവും വാഗ്ദാനം ചെയ്ത് കിഴക്കന്‍ യൂറോപ്പിലെ യുവതികളെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരായ വൃദ്ധന്മാര്‍ക്ക് പാസ്‌പോര്‍ട്ടിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള തട്ടിപ്പ് വിവാഹത്തിന് വേണ്ടി നല്‍കുന്ന സംഘം സ്കോട്ട്ലന്റ്ല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും ഒരു വിദേശമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാക്കാരും പാകിസ്താന്‍കാരുമാണ് തട്ടിപ്പ് വിവാഹത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ യുവതികളുടെ വലിയ ആവശ്യക്കാര്‍. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും മോഹിപ്പിച്ച് കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഗ്യാംഗുകളും ലൈംഗിക ചൂഷണത്തിന് ഇരയാക്കും.
യുവതികളെ നിയന്ത്രിക്കുന്ന മനുഷ്യക്കടത്തുകാര്‍ തന്നെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടിന് വേണ്ടിയുള്ള തട്ടിപ്പ് വിവാഹത്തിന് ഇവരെ നിര്‍ബ്ബന്ധിക്കുന്നതും സജ്ജമാക്കുന്നതും.പ്രധാനമായും ഇന്ത്യാക്കാരും പാകിസ്താന്‍കാരുമാണ് സ്‌കോട്‌ലന്റില്‍ ജീവിക്കാന്‍ വേണ്ടി ഈ തട്ടിപ്പ് വിവാഹത്തിനായി സ്ത്രീകളുടെ ആവശ്യക്കാരെന്ന് യൂറോപ്യന്‍ യൂണിയന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ യൂറോപോള്‍ പറയുന്നു.
തട്ടിപ്പ് വരന്മാരുടെ കയ്യിലെത്തും മുമ്പ് തന്നെ പെണ്‍കുട്ടികള്‍ എത്തിച്ചേരുക പെണ്‍വാണിഭ സംഘത്തിന്റെ മുന്നിലായിരിക്കുമെന്ന് ഇരകളില്‍ ഒരാള്‍ ബിബിസി യോട് പറഞ്ഞു. സ്‌കോട്‌ലന്റില്‍ വന്‍ പ്രതിഫലവും താമസസൗകര്യവും ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ മോഹിപ്പിക്കുക. പിന്നീട് ഇവിടെ എത്തിയ ശേഷം ജോലി ലഭ്യമായില്ലെന്നും തല്‍ക്കാലം ഒരു പാകിസ്താന്‍കാരനുമായി കല്യാണം കഴിക്കാനുമാണ് ആവശ്യപ്പെടുക. വിവാഹം കഴിയുന്നതോടെ പെണ്ണിനെ സംഘം കൊണ്ടുപോകുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യും. അതിന് ശേഷം വിവാഹം കഴിച്ചയാള്‍ക്ക് ബലാത്സംഗമോ ശാരീരിക പീഡനമോ ശമ്പളം നല്‍കാതെ ജോലി ചെയ്യിക്കലോ ഏതു രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാനായി നല്‍കും. പാസ്‌പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ വിവാഹമോചനം നേടും.
പെണ്‍കുട്ടികളെ കുടുക്കാനായി സ്‌കോട്ട്‌ലന്റിലെ ഗ്‌ളാസ്‌ഗോയിലും മറ്റും അനേകം ഗ്യാംഗുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള വൃദ്ധന്മാര്‍ കിഴക്കന്‍ യൂറോപ്പിലെ കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം മാര്യേജുകള്‍ കൊണ്ട് സ്‌കോട്‌ലന്റിലെ വിവാഹ റെക്കോഡുകള്‍ നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ഗ്‌ളാസ്‌ഗോവില്‍ റജിസ്റ്റര്‍ ചെയ്ത എഴുതപതിലധികം വിവാഹങ്ങളില്‍ മൂന്നിലൊന്നും ഗോവന്‍ഹില്ലില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 40 ശതമാനവും അഞ്ചു വര്‍ഷം പോലും നീളാത്ത ദാമ്പത്യമായിരുന്നത്രേ. കഴിഞ്ഞ വര്‍ഷം പെണ്‍വാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിന് വേണ്ടി സ്‌കോട്‌ലന്റില്‍ എത്തിയത് 150 ലധികം പേരായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply