സ്‌കോട്ട്‌ലന്റ് തലസ്ഥാനമായ എഡിന്‍ബ്രയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്. ഫെറി റോഡ് പ്രദേശത്ത് രാത്രി ജോലി കഴിഞ്ഞു ബസ് കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണില്‍ ജോര്‍ജ് ആണു അക്രമിക്കപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചെങ്കിലും ബിനു മാറി പോകുവാന്‍ ശ്രമിച്ചു, പിന്നീട് അവര്‍ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. മുഖത്ത് പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരില്‍ ഒരാള്‍ ബിനുവിന്റെ ബാഗ് എടുത്ത് ഓടി. ഇത് കണ്ട് ഓടി കൂടിയ നാട്ടുകാരാണു പോലീസിനെയും ആംബുലന്‍സും വിളിച്ചത്. തുടര്‍ന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കള്‍ എത്തുകയും പോലീസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി താന്‍ ജോലി ചെയ്യുന്ന പ്രദേശത്ത് നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത് ബിനു ഞെട്ടലോടെയാണു പുറം ലോകത്തോട് പറഞ്ഞത്. പൊതുവേ വംശീയ അക്രമണങ്ങള്‍ കുറവുള്ള സ്‌കോട്‌ലന്റില്‍ ഇത്തരം അക്രമണങ്ങള്‍ കൂടി വരുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നു. അടുത്തയിടയില്‍ ഏഷ്യന്‍ വംശജരുടെയും വിദ്യാര്‍ത്ഥികളുടെയും വരവ് കൂടിയത് തദ്ദേശിയരില്‍ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഈ സാഹചര്യത്തില്‍ കഴിവതും രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവര്‍ സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍ മനസ്സിലാക്കുകയും ഒഴിവാക്കുകയും,ഏതെങ്കിലും ആക്രമണങ്ങള്‍ നേരിട്ടാല്‍ അത് പോലീസില്‍ അറിയിക്കുകയും വേണം.
Leave a Reply