ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടി സ്കോട്ട്‌ലൻഡിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്കോട്ട്ലൻഡിലെ ആർജിൽ & ബ്യുട്ടിലെ ലോക്ക്ഗിൽഫെഡിലിന് 11 മൈൽ വടക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ ഉത്ഭവസ്ഥാനമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കുന്നത്. തങ്ങളുടെ വീടുകളിൽ ഭൂചലനത്തിന്റെ ഫലമായി വൻതോതിലുള്ള ചലനങ്ങൾ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വീട്ടിലെ മുഴുവൻ സാധനങ്ങൾക്കും ഭൂചലനത്തിൽ ചലനം അനുഭവപ്പെട്ടതായി മറ്റൊരാൾ വ്യക്തമാക്കി. ഏകദേശം പത്ത് സെക്കൻഡോളം ചലനം അനുഭവപ്പെട്ടതായാണ് ജനങ്ങൾ വ്യക്തമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഭൂമിയുടെ പ്രതലത്തിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ ഏകദേശം 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടക്കത്തിൽ ഭൂചലനമാണെന്ന് മനസ്സിലായില്ലെന്നും, സാധനങ്ങൾ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ശബ്ദമാണ് അനുഭവപ്പെട്ടതെന്ന് ലോക്ക്ഗിൽഫെഡിന് സമീപം ഫാമിൽ താമസിക്കുന്ന റോസ്മേരി നീഗിൾ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അനുഭവം നേരിടുന്നതെന്നും അവർ പറഞ്ഞു. ഒരു മാസത്തിനു മുൻപ് നോർത്ത് വെയിൽസിലും ഇതേ തരത്തിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ വെയിൽസിലെ ഭൂചലനം റിക്ടർ സ്കെയിലിൽ 1.0 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം യു കെയിൽ ഒരു വർഷം മാത്രം ഏകദേശം 200 മുതൽ 300 വരെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട് എന്നാണ് റിപ്പോർട്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.