ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒക്ടോബർ ഒന്നു മുതൽ സ്കോട്ട്‌ലൻഡിൽ വാക്സിൻ പാസ്പോർട്ട് നിലവിൽവരും. ജനങ്ങൾ ഒത്തു ചേരാൻ സാധ്യതയുള്ള നൈറ്റ് ക്ലബ്, മ്യൂസിക് ഫെസ്റ്റിവൽസ് , ഫുട്ബോൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിൻ പാസ്പോർട്ട് പ്രവേശനത്തിന് നിർബന്ധമാക്കിയിരിക്കുന്നത് . 18 വയസ്സിൽ താഴെയുള്ളവരെ വാക്സിൻ പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . വാക്സിൻ പാസ്പോർട്ട് ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായല്ലന്നും രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണെന്നും സ്കോട്ട്‌ലാൻഡ് ഹെൽത്ത് സെക്രട്ടറി ഹംസ യൂസഫ് പറഞ്ഞു . സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റാർജിയൻ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പാർലമെൻറിൽ എംപിമാർ വാക്സിൻ പാസ്പോർട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
ബ്രിട്ടനിൽ പ്രതിരോധകുത്തിവയ്പ്പ് കൊടുക്കാൻ തുടങ്ങിയ കാലം തൊട്ട് വാക്സിൻ പാസ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകളും നിലവിലുണ്ടായിരുന്നു. ഇതിനിടെ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്നതിന്റെ പ്രായോഗികതയെ കുറിച്ചുള്ള സന്ദേഹങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട് . ഈ മാസം അവസാനത്തോടെ വാക്സിൻ പാസ്പോർട്ട് നിലവിൽ വരുമെന്ന് ഇംഗ്ലണ്ടിലെ വാക്സിനേഷന്റെ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചിരുന്നു . ഇനി ഒരു ലോക്ഡൗണിലേയ്ക്ക് രാജ്യം പോകുന്നത് ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്നതിലൂടെ കൂടുതൽ യുവാക്കൾ ഉൾപ്പെടയുള്ളവർ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ മുന്നോട്ട് വരുമെന്നാണ് രാഷ്ട്രീയനേതൃത്വം വിലയിരുത്തുന്നത്. നിലവിൽ വെയിൽസിലും നോർത്തേൺ അയർലൻഡിലും എന്നുതൊട്ട് വാക്‌സിൻ പാസ്പോർട്ട് ഏർപ്പെടുത്തും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Leave a Reply