ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒമൈക്രോൺ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഉപേക്ഷിക്കാൻ പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡ് ജനങ്ങളോട് ആവശ്യപ്പെട്ടു. നവംബർ 1 നും ഡിസംബർ 8 നും ഇടയിൽ സ്കോട്ട്‌ലൻഡിൽ 108 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുതിയ വേരിയന്റ് പിടിപെട്ടിരിക്കുന്നവരിൽ പകുതി ആൾക്കാരും 20 നും 39 നും മദ്ധ്യേ പ്രായമുള്ള ചെറുപ്പക്കാർക്കാണ് .
പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡിൻെറ മെഡിക്കൽ ഡയറക്ടറായ ഡോ. നിക്ക് ഫിൻ ആണ് ഒമൈക്രോണിനെതിരെയുള്ള പോരാട്ടത്തിൻെറ ഭാഗമായി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചത് . ഡോ. നിക്ക് ഫിൻ സ്കോട്ട്‌ലാൻഡിൻെറ പബ്ലിക് ഹെൽത്ത് സയൻസ് ഡയറക്ടറും കൂടി ആണ്. കോവിഡ് രോഗ വ്യാപനം മൂലം കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളും സ്കോട്ട്‌ലൻഡിൽ മാറ്റിവയ്ക്കപ്പെട്ടിരുന്നു. പുതിയ വൈറസ് അതിവേഗം പകരുന്നതാണെന്നും ഒമൈക്രോൺ മൂലമുണ്ടാകുന്ന രോഗത്തിൻറെ തീവ്രതയെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും വളരെയേറെ പഠിക്കാനുണ്ടെന്നും ഡോ. നിക്ക് ഫിൻ പറഞ്ഞു. യുവതി യുവാക്കൾ പങ്കെടുക്കുന്ന പല ആഘോഷപരിപാടികളും ഒമൈക്രോൺ വ്യാപനത്തിന് കാരണമാകുന്നതായുള്ള അഭിപ്രായം ശക്തമാണ്. ഒമൈക്രോൺ ബാധിതരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നത് ഈ വാദത്തിന് ശക്തിപ്പെടുത്തുന്നതാണ് .
Leave a Reply