യുവതിയെ കടന്നുപിടിച്ച കേസിൽ തിരക്കഥാകൃത്ത് ഹാഷിർ മുഹമ്മദിനെ മൂന്നര വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 40,000 രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ ആമി എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് ഹാഷിർ മുഹമ്മദ്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് താനെന്ന് പ്രതിയായ ഹാഷിർ മുഹമ്മദ് കോടതിയെ അറിയിച്ചതിനാലും പ്രതി മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നതിനാലും കോടതി ശിക്ഷാ ഇളവു നൽകി. ശിക്ഷ ഒരുമിച്ച് രണ്ടു വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി നിർദേശിച്ചു.
2014 ഫെബ്രുവരി 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കൊച്ചിയിലെ മരടിലുളള ഫ്ലാറ്റിൽ വച്ച് സമീപത്തെ ഫ്ലാറ്റിൽ താമസിച്ച യുവതിയെ നഗ്നനായെത്തിയ ഹാഷിർ മുഹമ്മദ് കയറി പിടിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ ഹാഷിറിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹാഷിർ മയക്കുമരുന്ന് ഉയോഗിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
പൊലീസ് അന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ദൈവത്തിന്റെ നിർദേശപ്രകാരമാണ് യുവതിയെ കയറിപ്പിടിച്ചത്. ഏഴു പാപങ്ങൾ ചെയ്യാനുളള ദൈവത്തിന്റെ നിർദേശം പിന്തുടരുക മാത്രമാണ് ചെയ്തതെന്നും ഹാഷിർ മുഹമ്മദ് പൊലീസിനോട് പറഞ്ഞിരുന്നു.
അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലൂടെയാണ് ഹാഷിർ മുഹമ്മദ് മലയാള ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. അഞ്ചു വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ചിത്രമായിരുന്നു ഇത്. ഇതിലെ ആമി എന്ന ചിത്രത്തിന്റെ തിരക്കഥയായിരുന്നു മുഹമ്മദ് ഷാഹിറിന്റേത്. ഫഹദ് ഫാസിലായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്.
ആമിക്കുശേഷം മുഹമ്മദ് ഷാഹിർ തിരക്കഥ എഴുതിയ ചിത്രമായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാനെ നായകനാക്കി സമീർ താഹിർ ആണ് ചിത്രം സംവിധാനം ചെയ്തത്. ധൃതിമാൻ ചാറ്റർജി ആയിരുന്നു നായിക. സണ്ണി വെയ്‌ൻ ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലൻഡ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായിട്ടായിരുന്നു ചിത്രീകരണം നടന്നത്. കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു.