സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെള്ളുപനി റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാനത്ത്. ആരോഗ്യവകുപ്പ് ചെള്ളുപനിയുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയ 2011 മുതൽ ആദ്യവർഷമൊഴിച്ച് എല്ലാ വർഷങ്ങളിലും തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഓരോ വർഷവും സ്ഥിരീകരിക്കുന്ന രോഗത്തിന്റെ 80 ശതമാനം വരെ തിരുവനന്തപുരത്താണെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം മൂന്നുപേർക്ക് രോഗം കണ്ടെത്തിയതിൽ രണ്ടുപേരും തിരുവനന്തപുരത്താണ്.

മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും രണ്ടുമാസത്തിനിടയിൽ മൂന്നുപേരാണ്‌ ജില്ലയിൽ ചെള്ളുപനിയെത്തുടർന്ന് മരിച്ചത്. ജൂണിൽ വർക്കല സ്വദേശി അശ്വതിയും പരശുവയ്ക്കൽ സ്വദേശി സുബിതയും ചെള്ളുപനിയെത്തുടർന്ന് മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ അസുഖത്തിന് കേരളത്തിലെ മരണനിരക്ക് 2-3 ശതമാനമാണ്.

മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ രോഗനിരക്കും മരണനിരക്കും കൂടാനുള്ള കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.സാധാരണ അത്ര അപകടകാരിയല്ല ചെള്ളുപനി. അസുഖം കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിനിലെ ഡോ. ടി.എസ്.അനീഷ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെള്ള് കടിക്കുന്ന ഭാഗത്തുനിന്ന് ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കും. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയയുടെ അളവനുസരിച്ച് രോഗം ഗുരുതരമാകാം. ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് ഗുരുതരമാകുന്നത്. രക്തക്കുഴലുകളിൽ ബാക്ടീരിയ വീക്കം സൃഷ്ടിക്കുന്നു. ഇതു മരണത്തിനുവരെ കാരണമാകാം. ചെള്ളുപനിക്കു കാരണമാകുന്ന ബാക്ടീരിയയ്ക്ക് ജനിതകമാറ്റം അടക്കമുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോയെന്ന പഠനം ഇതുവരെ നടന്നിട്ടില്ല.

മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പഠനത്തിന് ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും ആവശ്യമുണ്ട്.

എന്താണ് ചെള്ളുപനി?

  • ഓറിയൻഷ്യ സുസു​ഗാമുഷി എന്ന ബാക്ടീരിയയാണ് രോ​ഗമുണ്ടാക്കുന്നത്. മണ്ണിനടിയിൽ കാണുന്ന ഒരുതരം ചെള്ളിൽ(ചി​​​ഗർ മൈറ്റ്) നിന്നാണ് രോ​ഗം പടരുന്നത്.
  • ഈ ചെള്ള് നേരിട്ടും എലി, മറ്റു വളർത്തുമൃ​ഗങ്ങൾ എന്നിവ വഴിയും മനുഷ്യ ശരീരത്തിലെത്താം.
  • വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകവഴി ചെള്ളുപനിയെ ചെറുക്കാനാവും. ചി​ഗ്​ഗർ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോഴാണ് രോ​ഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
  • പനിക്കൊപ്പം ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിച്ചതുപോലുള്ള പാടാണ് അസുഖം തിരിച്ചറിയാനുള്ള ഒരു മാർ​ഗം. പക്ഷേ എല്ലാവർക്കും ഈ ലക്ഷണം കാണണമെന്നില്ല.
  • വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റു രോ​ഗലക്ഷണങ്ങൾ.

ശ്രദ്ധിക്കണേ…

  • ചെള്ളുകൾ ശരീരത്ത് പ്രവേശിക്കുന്നത് തടയുകയാണ് പ്രധാനം.
  • ദിവസവും സോപ്പുപയോ​ഗിച്ച് ശരീരം തേച്ചുരച്ച് കഴുകുകയും വസ്ത്രം മാറുകയും ചെയ്യുക.
  • പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടുന്ന വസ്ത്രം ധരിക്കണം.
  • പുല്ല് വളർന്നു നിൽക്കുന്ന പ്രദേശങ്ങൾ വെട്ടിവൃത്തിയാക്കുക.
  • വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
  • വളർത്തുമൃ​ഗങ്ങളെയും കൃത്യമായ ഇടവേളകളിൽ കുളിപ്പിക്കുക.