ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജല പ്രതിസന്ധിക്കു പരിഹാരമായി കണക്കാക്കിയിരുന്ന സര്‍ദാര്‍ സരോവര്‍ ഡാം നിറഞ്ഞുകവിഞ്ഞിരിക്കയാണ്. അതിന്റെ ആഘോഷത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തില്‍ ഇതു കൂടി ഉള്‍പ്പെടുത്തുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ ഇങ്ങനെ ആഘോഷങ്ങള്‍ നടക്കുമ്പോഴും നര്‍മദയുടെ തീരങ്ങളില്‍ താമസിക്കുന്ന ആയിരകണക്കിന് ജനങ്ങളാണ് വീടൊഴിയാന്‍ നിര്‍ബന്ധിതരാകുന്നത്. മധ്യപ്രദേശിലും ഡല്‍ഹിയിലുമായി ജനങ്ങളും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന – ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നിരാഹാര സമരമുള്‍പ്പെടെയുള്ള – സമരങ്ങളോടു സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം തന്നെ ബാധിത പ്രദേശങ്ങളിലെ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുവരുകളില്‍, പരമാവധി ജലനിരപ്പുയരാന്‍ സാധ്യതയുള്ള അളവുകള്‍ നരത്തെ അധികൃതര്‍ അടയാളപ്പെടുത്തി പോവുകയും ചെയ്തിട്ടുണ്ട്. ദുരിത ബാധിതരായവരുടെ വസ്തുവകകള്‍ കൊണ്ടുപോകാന്‍ ചെറുതും വലുതുമായ ട്രക്കുകളും അധികൃതര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രദേശ വാസികളില്‍ പലരും വീടൊഴിഞ്ഞു പോകാന്‍ കൂട്ടാക്കിയിരുന്നില്ലെങ്കിലും, നിവൃത്തിയില്ലാതെ വീടൊഴിഞ്ഞു പോകുകയാണ് ജലനിരപ്പുയര്‍ന്നതോടെ ഇവര്‍. കണ്മുന്‍പില്‍ ജലനിരപ്പുയരുന്നത് കണ്ടതോടെ, ഡാമിനെതിരായ സമരത്തില്‍ പങ്കാളികളായിരിക്കുകയാണ് ഇവരില്‍ പലരും. ഡാമിന്റെ ജലനിരപ്പ് പ്രതിദിനം എത്ര ഉയര്‍ത്താമെന്നതിനു മുന്‍കൂട്ടി നിശ്ചയിച്ച പരിധിയുണ്ട്. ഇത് 10 സെന്റിമീറ്റര്‍ ആണെന്നിരിക്കെ, ഇതിനേക്കാള്‍ ഒരുപാടു കൂടുതലാണ് ഉയരുന്ന ജലനിരപ്പിന്റെ തോത് എന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ പരാതിപെട്ടിരുന്നു.
വെള്ളം വീടുകളുടെ പടിക്കല്‍ എത്തിയപ്പോഴാണ് പ്രദേശ വാസികള്‍ വീടിനുള്ളിലെ സാധനങ്ങള്‍ ട്രക്കുകളില്‍ നിറക്കാന്‍ തുടങ്ങിയത്. വീടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിക്കൊണ്ടിരിക്കുമ്പോള്‍ പലരും വീട്ടുസാമാനങ്ങളും അലമാരകളും ട്രക്കുകളിലേക്കു വാരി എറിയുകയായിരുന്നുവെന്നു കണ്ടു നിന്നവര്‍ പറയുന്നു.വാടക വീടുകളില്‍ താമസിച്ചിരുന്നവരും, വാടക കൊടുക്കാന്‍ സാധിക്കാത്തവരുമായ ജനങ്ങളെ, ആസ്ബസ്റ്റോസ് മേഞ്ഞ ഒറ്റമുറി കുടില്‍ താവളങ്ങളിലേക്കു കൂട്ടത്തോടെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
ജലനിരപ്പ് താഴ്ന്നിരിക്കാമെന്ന പ്രതീക്ഷയോടെ ഗ്രാമവാസികള്‍ ദിവസവും വെള്ളത്തിനടിയിലായ തങ്ങളുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ജലനിരപ്പ് താഴാന്‍ സാധ്യതയുള്ളൂ എന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. നഷ്ടത്തിന്റെ കണക്കുകളാകട്ടെ, പേടിപ്പെടുത്തുന്ന തോതിലാണ് – 200 ഇല്‍ അധികം ഗ്രാമങ്ങളാണ് മധ്യപ്രദേശിലും മഹാരാഷ്ടയിലും ഗുജറാത്തിലുമായി വെള്ളത്തിനടിയിലായിരിക്കുന്നത്. മധ്യ പ്രദേശില്‍ മാത്രമായി 192 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഏതാണ്ട് ഒരു മാസത്തിലധികം ഇതേ സ്ഥിതി തുടരും എന്നാണ് കണക്കാക്കുന്നത്.
കൂറ്റന്‍ ഡാമിന്റെ രാഷ്ട്രീയം 2017 ഇല്‍ 30 ചാലുകളുടെ നിര്‍മ്മാണത്തോടെ (ഇതോടെ ഡാമിന്റെ വിസ്തൃതി 122 മീറ്ററില്‍ നിന്ന് 139 മീറ്ററായി ഉയര്‍ന്നു ) പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത്. ഇതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്നത്. കടലിനോടു ചേര്‍ന്ന് ദക്ഷിണ ഗുജറാത്തിലെ ബാറുച്ചിനപ്പുറത്തായി സ്ഥിതി ചെയ്യുന്ന നര്മദയുടെ മറ്റു സംഭരണികള്‍ക്ക് വേണ്ടി ഫ്‌ളഡ് ഗേറ്റുകള്‍ അടച്ചു വെച്ചിരിക്കുന്നതു കൊണ്ട് കൂടിയാണ് മഴ കനത്തതോടെ നിയന്ത്രണാതീതമായി ജലനിരപ്പുയര്‍ന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നിലപാട്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും, ഒട്ടനേകം ജനങ്ങള്‍ ഭാവനരഹിതര്‍ ആകുമെന്ന ആശങ്ക നേരിടുന്ന മധ്യ പ്രദേശ് സര്കാരിനുമിടയില്‍ ചെറിയ സങ്കര്ഷത്തിനും കാരണമായി.
1999 ഇലെ സുപ്രീം കോടതി വിധി ഡാമിലെ ജലനിരപ്പ് 122 അടിയാക്കാന്‍ അനുവാദം കൊടുത്തത്, ജലനിരപ്പുയര്‍ന്നാല്‍ ബാധിക്കപ്പെടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹമായ രീതിയില്‍ പുനരധിവാസം നല്‍കണമെന്ന നിബന്ധനയോടു കൂടിയായിരുന്നു. 2017 ല്‍ 132 അടിയാക്കി ഉയര്‍ത്താനുള്ള അനുമതി നല്കിയതും ഇതേ ഉറപ്പു വാങ്ങിക്കൊണ്ടായിരുന്നു. ഈ വാക്കു പാലിക്കപ്പെടുമെന്നു ഉറപ്പാക്കേണ്ടത് ഇപ്പോള്‍ കമല്‍ നാഥ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
പ്രളയം മാത്രമല്ല, വരള്‍ച്ചയും നര്‍മദയുടെ തീരപ്രദേശ വാസികള്‍ക്ക് ശാപമാണ്.2018 ഇല്‍ ഡാമിന്റെ പ്രൗഢി ആഘോഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പാഴാക്കിയ വെള്ളത്തിന്റെ അളവ് നര്മദയുടെ വരള്‍ച്ചയ്ക്ക് വഴി വക്കുന്നിടത്തോളം പോന്നതായിരുന്നു. വരള്‍ച്ചയുടെ ഫലമായി നദിയിലേക്കു കയറിയ കടല്‍ വെള്ളം ജലസേചനത്തെയും മത്സ്യ ബന്ധനത്തെയും ബാധിക്കുകയും, അത് വഴി കര്‍ഷകരെയും നര്മദയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി മത്സ്യ തൊഴിലാളികളെയും ദുരിതത്തിലാഴ്ത്തുകയും, 2018 ഇലെ മഴകാലം കഴിയും വരെ അടച്ചു പൂട്ടേണ്ട തരത്തില്‍ വ്യവസായ മേഖലയെ സാരമായി തന്നെ ബാധിക്കുകയും ചെയ്തിരുന്നു.
Leave a Reply