ബംഗലൂരു നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത. റെക്കോര്‍ഡ് മഴയ്ക്ക് പിന്നാലെയാണ് വിഷപ്പതയുണ്ടായത്. വര്‍ത്തൂര്‍ നദിയില്‍ നിന്നും പുറത്തുവന്ന വിഷപ്പത, റോഡിലേക്ക് പരക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഗതാഗത തടസമുണ്ടാക്കി.

വൈറ്റ്ഫീല്‍ഡ് റോഡില്‍ ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വിഷപ്പത റോഡുകളിലെത്തിയത്. വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഷപ്പത മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടു. ചെറിയ മഴയില്‍പ്പോലും വിഷപ്പത വര്‍ത്തൂര്‍ തടാകത്തില്‍ നിന്നും റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പറന്നെത്തുന്നത് ഇവിടെ പതിവായിരിക്കുകയാണ്. വിഷപ്പത തടയാന്‍ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയെങ്കിലും ഫലമുണ്ടായില്ല. വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. എച്ച്എഎല്‍, ഡൊംലൂര്‍, കോറമംഗല, അഗര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന അവശിഷ്ടമാണ് വര്‍ത്തൂര്‍, ബെലന്തൂര്‍ തടാകങ്ങളിലെ വിഷപ്പതപ്രശ്‌നത്തിന് കാരണം. ഇക്കാര്യം സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തേ കണ്ടെത്തിയിരുന്നു. പരിഹാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല എന്നതാണു സത്യം.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ആറുവരെ റെക്കോര്‍ഡ് മഴയാണ് ബംഗളൂരുവില്‍ പെയ്തത്. 127 വര്‍ഷത്തിനുശേഷമാണ് നഗരത്തില്‍ ഇത്രയും ശക്തമായ മഴ. ഇതോടെ, താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ദുരിതത്തിലായി.