കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്.
നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ എങ്ങനെയാണ് ഇല്ലാതാക്കിയതെന്ന് പൊന്നപ്പൻ പറയുന്നത് ശബ്ദരേഖയിലുണ്ട്.
ബിന്ദു പത്മനാഭന്റെ സ്വത്ത് വിൽക്കാൻ വേണ്ടി സെബാസ്റ്റ്യനും സുഹൃത്തിനും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാൾ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയിൽ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും സുഹൃത്തും അവിടത്തെ സ്ഥിരം സന്ദർശകരായി. അവർ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ലഹരി നൽകി മയക്കിയശേഷം ശുചിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരു ദിവസം വൈകിട്ട് തന്നെ കാണാൻ സെബാസ്റ്റ്യൻ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പൻ പറയുന്നുണ്ട്.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബർ 9ന് കുത്തിയതോട് സി ഐ ഓഫീസിൽ എത്തി. എന്നാൽ 70 ദിവസത്തിന് ശേഷം ഡിസംബർ 19നാണ് 1400/2017 നമ്പരിൽ പ്രഥമ വിവര റിപ്പോർട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ മൂക്കുകയർ ഇട്ടിരുന്നതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ഉന്നതർ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.
Leave a Reply