ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരു വീടിന് തീ പിടിച്ച സംഭവത്തിൽ ഒരു കുട്ടി കൂടി മരിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഈസ്റ്റ് ഹാമിലെ നേപ്പിയൻ റോഡിലെ വീടിൻറെ ഒന്നാം നിലയിൽ ആണ് അഗ്നിബാധ ഉണ്ടായത്. ശനിയാഴ്ച രാത്രി 8:30നാണ് സംഭവം നടന്നത്. കുട്ടി സംഭവസ്ഥലത്ത് വെച്ചും മറ്റൊരു കുട്ടി രാത്രിയിൽ ആശുപത്രിയിൽ വെച്ചും മരിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് അസിസ്റ്റൻ്റ് കമ്മീഷണർ പാട്രിക് ഗൗൾബൺ പറഞ്ഞു.


നിലവിൽ രണ്ടു കുട്ടികളും രണ്ടു മുതിർന്നവരും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെയും ഒരു മുതിർന്നയാളിന്റെയും നില ഗുരുതരമാണെന്ന് കമ്മീഷണർ പറഞ്ഞു. അപകടത്തിന് ഇരയായ ആറുപേരും അഗ്നിബാധയ്ക്ക് ഇരയായ വീട്ടിൽ താമസിച്ചിരുന്നവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും മെട്രോപൊളിറ്റൻ പോലീസ് വക്താവ് പറഞ്ഞു. സംഭവത്തിന് എന്തെങ്കിലും ദുരൂഹത ഉണ്ടെന്നതിന് നിലവിൽ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ പ്രായം തുടങ്ങിയ ഒരു കാര്യവും പോലീസ് പുറത്തുവിട്ടിട്ടില്ല.


തീപിടുത്തമുണ്ടായ ഉടനെ വീട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ ഇഷ്ടിക കഷണങ്ങൾ ഉപയോഗിച്ച് ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചതായി സമീപവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.