യുകെയില്‍ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മാരകമായ ഈ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തെ രോഗിക്ക് സ്‌പെഷ്യലിസ്റ്റ് സെന്ററായ റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ നല്‍കി വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. കുരങ്ങുകളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. നൈജീരിയയില്‍ നിന്ന് ഇംഗ്ലണ്ടില്‍ എത്തിയയാളിലാണ് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് രോഗബാധയുണ്ടായത് നൈജീരിയയില്‍ നിന്നാണെന്നാണ് വിശദീകരണം.

കുരങ്ങുകളുമായി അടുത്ത് ഇടപഴകുന്നവരിലാണ് രോഗം പടരാന്‍ സാധ്യതയുള്ളത്. രോഗബാധിതരില്‍ 10 ശതമാനം പേരില്‍ ഇത് മാരകമായിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി ഇയാള്‍ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലാണ് ആദ്യമെത്തിയത്. രോഗം സ്ഥിരീകരിച്ചതിനു ശേഷം റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുകെയില്‍ മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചത്. കോണ്‍വാള്‍ നേവല്‍ ബേസില്‍ എത്തിയ നൈജീരിയന്‍ സൈനികനിലായിരുന്നു ആദ്യം ഈ രോഗബാധ കണ്ടെത്തിയത്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഈ രണ്ടു കേസുകളും തമ്മില്‍ ബന്ധമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. എന്നാല്‍ ദിവസങ്ങള്‍ക്കിടെ രണ്ടു പേര്‍ക്ക് ഒരേ രോഗബാധ സ്ഥിരീകരിച്ചത് അസ്വാഭാവികമാണെന്ന് പിഎച്ച്ഇയുടെ നാഷണല്‍ ഇന്‍ഫെക്ഷന്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.നിക്ക് ഫിന്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ നൈജീരിയയില്‍ മങ്കി പോക്‌സ് പടര്‍ന്നു പിടിച്ചിരുന്നു.