ലണ്ടന്‍: കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാത്തതിലൂടെ സെക്കന്‍ഡറി സ്‌കൂളുകള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ടീച്ചേഴ്‌സ് ഓഫ് റിലീജിയസ് എഡ്യുക്കേഷന്‍. 26 ശതമാനം സെക്കന്‍ഡറി സ്‌കൂളുകളും മതവിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ‘ആധുനിക ജീവിതം’ നയിക്കാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്നത് തടയുകയാണ് ഇത്തരം സ്‌കൂളുകളെന്നാണ് ആരോപണം. സംഘടന നടത്തിയ ഗവേഷണത്തിലാണ് ഈ ആരോപണമുള്ളത്. 2015ല്‍ വിവരാവകാശ നിയമം വഴി ലഭ്യമായ ഈ വിവരം ബിബിസി ഇപ്പോളാണ് പുറത്തു വിട്ടത്.

മൂന്നിലൊന്നിലേറെ അക്കാഡമികളും 11 മുതല്‍ 13 വയസു വരെയുള്ള കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നില്ല. 44 ശതമാനം അക്കാഡമികള്‍ 14-16 പ്രായ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു. കൂടുതല്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അക്കാഡമികളായി മാറുന്നതോടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കാഡമികള്‍ക്ക് സ്വന്തമായി സിലബസ് നിശ്ചയിക്കാമെന്നതാണ് ഇതിന് കാരണം.

നിയമപരമായി അനുവദിച്ചിരിക്കുന്ന ഒന്നാണ് മതവിദ്യാഭ്യാസം. എന്നാല്‍ ഈ നിയമം ഒട്ടേറെ സ്‌കൂളുകള്‍ ലംഘിക്കുകയാണെന്ന് സംഘടനാ പ്രതിനിധി ഫിയോണ മോസ് പറഞ്ഞു. കുട്ടികള്‍ മതകാര്യങ്ങളില്‍ നിരക്ഷരരായാണ് സ്‌കൂളുകളില്‍ നിന്ന് പുറത്തു വരുന്നതെന്നും അവപര്‍ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും കുറിച്ച് പഠിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നില്ല. സ്വന്തമായി വിശ്വാസങ്ങളും മൂല്യങ്ങളുമുണ്ടാക്കാനും സ്വന്തം ആശയങ്ങള്‍ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനുള്ള അവസരവുമാണ് കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്.

മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും ബ്രിട്ടന്റെയും മറ്റു രാജ്യങ്ങളുടെയെ പാരമ്പര്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ചിത്രം കുട്ടികളില്‍ എത്തിക്കാന്‍ ഗുണനിലവാരമുള്ള മതവിദ്യാഭ്യാസം ആവശ്യമാണെന്നുമാണ് ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പ്രതികരിച്ചത്. മറ്റു വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയു കുറിച്ചുള്ള അറിവും ഇതിലൂടെ നല്‍കാനാകും. അക്കാഡമികളും ഫ്രീസ്‌കൂളുകളുമുള്‍പ്പെടെയുള്ള സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകളില്‍ ഇത് നിര്‍ബന്ധമായും നടപ്പാക്കുന്നുണ്ട്. മറ്റു ്കൂളുകളും നിയമപരമായ ഈ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഡിപ്പാര്‍ട്ടമെന്റ് ആവശ്യപ്പെട്ടു.