ബ്രിട്ടീഷ് കോടതിയിൽ പാപ്പരാണെന്ന് പ്രഖ്യാപിക്കാൻ ഹർജി നൽകിയ ഇന്ത്യൻ വ്യവസായി അനിൽ അംബാനിക്ക് ജഴ്‌സി ദ്വീപിലും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് പുറത്തുവന്ന ‘പൻഡോറ രേഖകൾ.’ 2007നും 2010നുമിടയിലാണ് അംബാനി ഈ കമ്പനികൾ സ്ഥാപിച്ചിരിക്കുന്നത്.

ഇതിൽ ഏഴു കമ്പനികൾ വഴി 130 കോടി ഡോളർ (9659 കോടി രൂപ) കടമെടുക്കുകയും നിക്ഷേപിക്കുകയും ചെയ്തു. ജഴ്‌സിയിൽ എട്ടു കമ്പനികളും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിൽ ഏഴും സൈപ്രസിൽ മൂന്നും കമ്പനികളാണ് അംബാനിക്കുള്ളത്.

2020 ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ ഉടസ്ഥതയിലുള്ള മൂന്നു ബാങ്കുകളിലെ പണമിടപാട് സംബന്ധിച്ച് ലണ്ടൻ കോടതിയിൽ കേസ് നടന്നപ്പോൾ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നും പാപ്പരാണെന്ന് പ്രഖ്യാപിക്കണമെന്നുമാണ് അംബാനി അവകാശപ്പെട്ടത്.

അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകാമെന്നും അതേക്കുറിച്ച് വെളിപ്പെടുത്താത്തതാകുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബാങ്കുകൾക്ക് 71.6 കോടി ഡോളർ നൽകാൻ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, അംബാനി പണമടച്ചില്ല. വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമകൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) ഞായറാഴ്ച പുറത്തുവിട്ട ‘പൻഡോറ രേഖകളി’ലാണ് മുന്നൂറിലേറെ ഇന്ത്യക്കാരുടെ കോടിക്കണക്കിനു രൂപയുടെ രഹസ്യ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർ സ്വന്തം രാജ്യത്ത് നികുതിവെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്.

റിലയൻസ്(അഡാഗ്) ചെയർമാൻ അനിൽ അംബാനി, ബാങ്ക് തട്ടിപ്പു നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദി, ഔഷധനിർമാണ കമ്പനിയായ ബയോകോണിന്റെ പ്രൊമോട്ടർ കിരൺ മജുംദാർ ഷായുടെ ഭർത്താവ്, ക്രിക്കറ്റ്താരം സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേഹ്ത്ത, ബോളിവുഡ് നടൻ ജാക്കി ഷിറോഫിന്റെ ഭാര്യാമാതാവ് അയേഷ, കോർപ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ തുടങ്ങിയവരുടെ പേരുകൾ ‘പാൻേഡാറ രേഖകളി’ലുണ്ട്.