ലണ്ടന്‍: ഏപ്രില്‍ 1ന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മിനിമം വേജസിലും നാഷണല്‍ ലിവിംഗ് വേജസിലും വര്‍ദ്ധനവ്. നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അറിയിച്ചിരുന്നു. മണിക്കൂറില്‍ 7.50 പൗണ്ടില്‍ നിന്ന് 7.83 പൗണ്ടായാണ് ഇതില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. അപ്രന്റീസ്ഷിപ്പിന്റെ ആദ്യ വര്‍ഷത്തിലല്ലാത്ത 25 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇത് ലഭിക്കും. 4.7 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

മണിക്കൂറിന് അധികമായി 33 പെന്‍സ് ലഭിക്കുന്നതോടെ ഫുള്‍ടൈം ജീവനക്കാരുടെ ശമ്പളത്തില്‍ അടുത്ത വര്‍ഷം 600 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും. 21 മുതല്‍ 24 വയസ് വരെ പ്രായമുള്ള ജീവനക്കാരുടെ നാഷണല്‍ ലിവിംഗ് വേജസ് 7.05 പൗണ്ടില്‍ നിന്ന് 7.38 പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. 18 മുതല്‍ 20 വയസു വരെ പ്രായമുള്ളവരുടെ നാഷണല്‍ ലിവിംഗ് വേജസ് 5.60 പൗണ്ടില്‍ നിന്ന് 5.90 ആയാണ് ഉയര്‍ത്തിയത്. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 4.04 പൗണ്ടില്‍ നിന്ന് 4.20 പൗണ്ടായാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്.

2025 ഓടെ ലിവിംഗ് വേജ് സാലറി 9 പൗണ്ടായി ഉയര്‍ത്തുമെന്ന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് ഹാമണ്ട് വ്യക്തമാക്കി. നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധിപ്പിക്കുകയും ഇന്‍കംടാക്‌സ് കുറയ്ക്കുകയും ഫ്യുവല്‍ ഡ്യൂട്ടി മരവിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ഹാമണ്ട് പറഞ്ഞു.