കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഏർപ്പെടുത്തിയ പ്രമോഷൻ‌ ലഭിക്കുന്ന ഡൽഹി പൊലീസിലെ ആദ്യത്തെ ഉദ്യോഗസ്ഥയായി സീമ ധാക്ക എന്ന ഹെഡ് കോൺസ്റ്റബിൾ. ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഔട്ട് ഓഫ്-ടേൺ (ഊഴത്തിന് മുമ്പേ ഉള്ള) പ്രമോഷൻ പ്രഖ്യാപിച്ചത്. സമയ് പുർ ബദ്ലി പൊലീസ് സ്റ്റേഷനിലെ (ഔട്ടർ നോർത്ത് ഡിസ്ട്രിക്റ്റ്) ഹെഡ് കോൺസ്റ്റബിളായിരുന്ന സീമ ധാക്ക, കാണാതായ 76 കുട്ടികളെയാണ് കണ്ടെത്തിയത്, ഇതിൽ 56 പേർ 14 വയസ്സിന് താഴെയുള്ളവരാണ്.

കാണാതായ കുട്ടികളെ ഡൽഹിയിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വീട്ടിൽ നിന്ന് കാണാതാവുന്ന കുട്ടികളെ കണ്ടെത്താനും തിരികെ കൊണ്ടുവരുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിന്, പൊലീസ് കമ്മീഷണർ 2020 ഓഗസ്റ്റ് 5 ന് ഒരു പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. “… കാണാതായ 14 വയസ്സിന് താഴെയുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ കുട്ടികളെ ( ഇതിൽ 15 കുട്ടികൾ 08 വയസ്സിന് താഴെയുള്ള ) 12 കലണ്ടർ മാസത്തിനുള്ളിൽ കണ്ടെത്തുന്ന ഏതെങ്കിലും കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിളിനെ ഔട്ട് ഓഫ്-ടേൺ പ്രമോഷന് പരിഗണിക്കും. കൂടാതെ, ഒരേ കാലയളവിൽ 15 ലധികം കുട്ടികളെ കണ്ടെത്തുന്നവർക്ക് ‘ആസാധാരണ് കാര്യ പുരാസ്‌കാർ’ നൽകും,” എന്നായിരുന്നു പ്രഖ്യാപനം.

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിലും തിരികെ കൊണ്ട് വരുന്നതിലും ഈ ഉത്തരവ് വലിയ മാറ്റം വരുത്തി, 2020 ഓഗസ്റ്റ് മുതൽ കൂടുതൽ കുട്ടികളെ കണ്ടെത്തി.

സീമ ധാക്ക കണ്ടെത്തിയ 76 കുട്ടികളെ ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. ആത്മാർത്ഥവും കഠിനവുമായ പരിശ്രമത്തിലൂടെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സീമ രണ്ടര മാസത്തിനുള്ളിൽ കുട്ടികളെ കണ്ടെത്തി.

2019 ലെ കണക്കുകൾ പ്രകാരം കാണാതായ 5,412 കുട്ടികളിൽ 3,336 കുട്ടികളെ കണ്ടെത്തി: അഥവാ കാണാതായ കുട്ടികളിൽ 62% പേരെ ഡൽഹി പൊലീസ് കണ്ടെത്തി.

ഈ വർഷം ഒക്ടോബർ വരെ 3507 പേരിൽ 2629 കുട്ടികളെ ഡൽഹി പൊലീസ് കണ്ടെത്തി.