മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീതിന് മകൻ അശ്‌ളീല സന്ദേശം അയച്ചു എന്ന് ആരോപിച്ച സംഭവത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ സീമയുടെ ട്രോമയ്ക്ക് ഒപ്പമാണെന്നു നടി മാലാ പാര്‍വ്വതി. മകന്റെ തെറ്റ് താന്‍ ന്യായീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതേ സമയം, മകനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ നടി മാലാ പാര്‍വ്വതി മടിക്കുന്നത് എന്തു കൊണ്ടാണെന്ന് സീമാ വിനീത് ചോദിച്ചു.
മാലാ പാര്‍വ്വതിയുടെ ഇരുപത്തിയേഴുകാരനായ മകന്‍ അനന്തകൃഷ്ണന്‍ 2017 മുതല്‍ തനിക്ക് ഫെയ്‌സ് ബുക്കില്‍ അശ്‌ളീല മെസേജുകള്‍ അയച്ചതായി കാണിച്ച് കഴിഞ്ഞ ദിവസമാണു ട്രാന്‍സ് വ്യക്തിയായ സീമ വിനീത് രംഗത്ത് വന്നത്. മാലയുടെയും മകന്റെയും പേര് പരാമര്‍ശിക്കാത്ത തരത്തിലായിരുന്നു ആദ്യത്തെ പോസ്റ്റ്. ഇതേത്തുടര്‍ന്ന് മാല സീമയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും മകന് വേണ്ടി മാപ്പ് പറയുകയും ചെയ്തിരുന്നു.
”ജൂണ്‍ ഒന്‍പതിനാണ് സീമ വിനീതിന്റെ ആദ്യത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വരുന്നത്. ഫെമിനിസ്റ്റും ആക്റ്റിവിസ്റ്റുമായ അമ്മ, സ്ത്രീകളെ സംരക്ഷിക്കാനായി നടക്കുമ്പോള്‍ മകന്‍ നഗ്‌നത അന്വേഷിച്ചു നടക്കുകയാണ്, ഇന്‍ബോക്‌സ് തുറന്നു നോക്കിയപ്പോഴാണ് അവരുടെ മകന്‍ അയച്ച സന്ദേശങ്ങള്‍ ആദ്യമായി കാണുന്നത് എന്ന്. എന്നെ ഒരാള്‍ വിളിച്ചു പറഞ്ഞു അത് ചേച്ചിയെക്കുറിച്ചാണെന്ന്. ഞാന്‍ മകനോട് ചോദിച്ചപ്പോള്‍, ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നു തോന്നുന്നു, കുറേ വര്‍ഷം മുന്‍പായതു കൊണ്ട് ഓര്‍മയില്ലെന്നു പറഞ്ഞു,” മാലാ പാര്‍വ്വതി പറഞ്ഞു.
മാലാ പാര്‍വ്വതി
തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ വേണ്ടി സീമയെ വിളിച്ച മാലാ പാര്‍വ്വതി, മകന്റെ ഭാഗത്തു നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, അമ്മയെന്ന രീതിയിലും സ്ത്രീയെന്ന രീതിയിലും, സീമയോട് മാപ്പ് പറയുകയും ചെയ്തതായി പറഞ്ഞു. ‘ചേച്ചി ട്രാന്‍സ്‌ജെന്‍ഡറുകളോടെല്ലാം നല്ല രീതിയില്‍ സംസാരിക്കുന്ന ആളാണ്, ആരെയും വേദനിപ്പിക്കാനല്ല, ചേച്ചിയല്ല മാപ്പ് പറയേണ്ടത്’ എന്നായിരുന്നു സീമയുടെ മറുപടി എന്നും മാലാ പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ട സീമയോട് താന്‍ അവരുടെ കൂടെയുണ്ടെന്നും നിയമപരമായി പോവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കും എന്നും വ്യക്തമാക്കി.
”സീമയെ താൻ വിളിച്ചതിനു ശേഷം, ആക്റ്റിവിസ്റ്റായ ദിയ സന എന്നെ വിളിച്ചിട്ട് നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഒരു ചാറ്റ് ഗ്രൂപ്പില്‍ നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന രീതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പും ഇതിനിടെ എനിക്കു ലഭിച്ചിരുന്നു. നേരില്‍ കാണണം എന്നു പറയുകയും ഈ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുവെന്നു കേട്ടപ്പോള്‍ അതിലെനിക്കൊരു അസ്വാഭാവികത തോന്നി. സ്വകാര്യമായ ഒരു വിഷയം ഒരു ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് പലരുടെയും അഭിപ്രായം സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന രീതി ശരിയല്ലല്ലോ എന്ന് എനിക്ക് തോന്നി. ‘മകനോ അമ്മയോ മാപ്പ് പറയണം, അല്ലെങ്കില്‍ നഷ്ടപരിഹാരം വാങ്ങണം’ എന്നും ചര്‍ച്ച ഉയരുന്നതായി ഒരു വോയിസ് നോട്ടില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. അത് ആര് പറഞ്ഞതാണ് എന്ന് എനിക്ക് വ്യക്തമല്ല. എന്നാല്‍ ഗ്രൂപ്പ് ആലോചന നടത്തിയാണ് ഈ വിഷയത്തില്‍ ഓരോ ചുവടും വയ്ക്കുന്നത് എന്നറിഞ്ഞതോടെ നിയമപരമായി നീങ്ങുന്നതാവും നല്ലത് എന്ന് ഞാന്‍ തീരുമാനിച്ചു.” പാര്‍വ്വതി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ നഷ്ടപരിഹാരം താന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം സീമ വിനീത് നിഷേധിച്ചു.
”ട്രാന്‍സ് കമ്യൂണിറ്റികളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ സംസാരിച്ചത് എനിക്കറിയേണ്ട കാര്യമില്ലല്ലോ? ഗ്രൂപ്പുകളില്‍ പല ചര്‍ച്ചകളും നടക്കും. ആ ഗ്രൂപ്പുകളില്‍ നഷ്ടപരിഹാരം വേണമെന്നോ, നഷ്ടപരിഹാരം കിട്ടിയാലേ പിന്മാറൂ എന്നതു സംബന്ധിച്ച് ഞാന്‍ സംസാരിച്ചതോ എന്റെ ഭാഗത്തു നിന്നുള്ള മെസേജുകളോ എന്തെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഹാജരാക്കട്ടെ. എവിടെയും ഹാജരാവാന്‍ ഞാന്‍ തയ്യാറാണ്. നിയമവശങ്ങള്‍ നോക്കി ഏതറ്റംവരെയയും പോകാന്‍ ഞാന്‍ ഒരുക്കമാണ്. അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്,” സീമ പറഞ്ഞു.
സീമ വിനീത്
മകനും സീമയും തമ്മില്‍ നടന്ന സംഭാഷണം പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നാണു സീമയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തനിക്ക് വ്യക്തമായത് എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
”മകനെ ഞാന്‍ ഡിഫന്‍ഡ് ചെയ്യുന്നില്ല. കല്യാണം കഴിക്കാത്ത പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ചാറ്റ് ചെയ്തത് തെറ്റാണെന്നും വിശ്വസിക്കുന്നില്ല. നിയമപരമായി അവര്‍ നീങ്ങട്ടെ, ഞാനതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്റെ മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, അയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, അതിന്റെ അനന്തരഫലങ്ങള്‍ അയാള്‍ അഭിമുഖീകരിക്കട്ടെ,” മാലാ പാര്‍വ്വതി നിലപാട് വ്യക്തമാക്കി.
2017 മുതലുള്ള മെസേജുകളാണു താന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചത്. പരസ്പര സമ്മതോടെയുള്ള ചാറ്റായിരുന്നെങ്കില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് മാലാ പാര്‍വ്വതിയുടെ മകന്റെ കൈയിലും ഉണ്ടാവുമല്ലോ? എന്നാണ് ഇതില്‍ സീമയുടെ പക്ഷം.
“ആ വ്യക്തി എനിക്കയച്ച മോശം മെസേജുകള്‍ ഇപ്പോഴാണു കണ്ടത്. ഇയാള്‍ എന്റെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ലിസ്റ്റിലില്ല. ഫ്രണ്ട് അല്ലാത്താവര്‍ അയയ്ക്കുന്ന മെസേജ് അണ്‍ലീഡഡ് ബോക്‌സിലാണല്ലോ ഉണ്ടാവുക. സമയം കിട്ടുമ്പോഴാണ് ഇത്തരം കാര്യങ്ങളൊക്കെ നോക്കുന്നത്.”
മെസ്സേജുകള്‍ സീമ കണ്ടത് ഇപ്പോഴാണ് എന്നതിനോട് തനിക്കു യോജിക്കാന്‍ സാധിക്കില്ല എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
“കാരണം ഫേസ്ബുക്ക് മെസഞ്ജറില്‍ റിക്ക്വസ്റ്റ് അയച്ചാല്‍, മറുവശത്തെ ആള്‍ അത് അക്സപ്പ്റ്റ് ചെയ്യുന്ന പക്ഷം, ‘You can now send messages and talk to each other’ എന്നൊരു കുറിപ്പ് വരും. 2017ലെ സ്ക്രീന്‍ ഷോട്ടില്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് കാണാം. അതിനര്‍ത്ഥം സീമ ഫ്രണ്ട് റിക്ക്വസ്റ്റ് അപ്പോള്‍ അക്സപ്പ്റ്റ് ചെയ്തിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. കൂടാതെ ഒരു ചാറ്റിനു തംബ്സ് അപ്പ് കൊടുത്തതായും സീമ പോസ്റ്റ് ചെയ്ത സ്ക്രീന്‍ഷോട്ടുകളില്‍ കണ്ടിരുന്നു. അതെങ്ങനെ. ആ സ്ക്രീന്‍ഷോട്ട് ഇടയ്ക്ക് വച്ച് എഡിറ്റ് ചെയ്തു മാറ്റുകയും ചെയ്തു.”
എന്നാല്‍ ഒരു ചാറ്റിന് താന്‍ തംബ്സ് അപ്പ് കൊടുത്തുവെന്നും അതു പിന്നീട് ഡിലീറ്റ് ചെയ്തുവെന്നമുള്ള ആരോപണം ശരിയല്ലെന്നും സീമ പറഞ്ഞു.
”ആരോപണവിധേയന്‍ ട്രാൻസ് കമ്യൂണിറ്റിയില്‍ തന്നെയുള്ള മറ്റൊരാള്‍ക്കു മെസേജ് അയച്ചിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടിയാണത്. എന്റെ പോസ്റ്റിനു താഴെ അവര്‍ അത് പോസ്റ്റ് ചെയ്തിരുന്നു. ഇതേ വ്യക്തി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ മോശമായി ഒന്നും ഇല്ലാത്തതിനാലാണ് ഷെയര്‍ ചെയ്യാതിരുന്നത്. ‘ഹായ് ഹലോ, എവിടെയാ?’ എന്നായിരുന്നു ആ മെസേജ്,” സീമ പറഞ്ഞു.
വിഷയം രാഷ്ട്രീയവത്കരിക്കാനോ വേറൊരു തരത്തില്‍ മാറ്റിമറിക്കാനോ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണു സീമയുടെ നിലപാട്. ഇതിനു മുന്‍പും ഇത്തരത്തില്‍ മോശമായി വന്നിട്ടുള്ള കമന്റുകള്‍ താന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഉണ്ടാവാത്ത രാഷ്ട്രീയവത്കരണം ഇപ്പോള്‍ മാത്രം എന്തു കൊണ്ടാണ് വന്നത്?
“ആത്മാര്‍ഥമായി എന്നെ പിന്തുണയ്ക്കുന്ന കുറച്ചു സുഹൃത്തുക്കളുടെ കമന്റുകള്‍ എന്റെ പോസ്റ്റില്‍ ഞാന്‍ കണ്ടു. പക്ഷേ കൂടുതലും കണ്ടത് വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ആളുകളുടെ വ്യഗ്രതയാണ്. ഒരു സ്ത്രീക്കുവേണ്ടി മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിലല്ല കാര്യം. ആ സ്ത്രീയ്ക്കു നീതി വാങ്ങിക്കൊടുക്കുന്നതിലാണു കാര്യം. വിഷയത്തിലേക്കു മാലാ പാർവ്വതി വലിച്ചിഴയ്ക്കപ്പെട്ടതില്‍ വളരെയധികം ദുഖമുണ്ട്,” സീമ വിനീത് പറഞ്ഞു.
വിഷയത്തില്‍ അമ്മയുടെ വളര്‍ത്തുദോഷമാണെന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ സദാചാര ഗുണ്ടായിസമാണെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
അതേ സമയം, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്ന മാലാ പാര്‍വ്വതി ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ‘വിനീത് സീമ ട്രാന്‍സ് ജെന്‍ഡര്‍’ എന്ന പേരിലാണെന്നും സീമ ആരോപിച്ചു. എല്ലാവര്‍ക്കും ഒരേപോലെയുള്ള നീതിക്കു വേണ്ടി സംസാരിക്കുന്ന മാലയ്ക്കു എന്റെ കാര്യം വന്നപ്പോള്‍ ഈ നിലപാട് എവിടെ പോയി? ഓരോ ആള്‍ക്കും ആണ്, പെണ്ണ് എന്ന് പറഞ്ഞ് അവര്‍ പേര് സേവ് ചെയ്യുമോയെന്നും സീമ ചോദിച്ചു.
Leave a Reply