ഫിലിപ്പ് കണ്ടോത്ത്

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ”അഭിഷേകാഗ്‌നി 2017” കണ്‍വെന്‍ഷന്റെ വോളന്റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ജൂലൈ 23-ാം തീയതി ഞായറാഴ്ച ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന ഈ ട്രെയിനിംഗ് പ്രോഗ്രാം നയിക്കുന്നത് പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥിയുമായ ബഹു. ഫാ. അരുണ്‍ കലമറ്റം ആയിരിക്കും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ (Catechism of the Catholic Church) കുറിച്ച് അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള അച്ചന്റെ ക്ലാസുകളില്‍ പങ്കെടുത്തത് വിശ്വാസത്തില്‍ ആഴമായ ബോധ്യത്തിലേയ്ക്ക് നയിച്ചുവെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

അഭിവന്ദ്യ മാര്‍ ജോസഫ് പിതാവിന്റെയും സോജി ഓലിക്കല്‍ അച്ചന്റെയും നേതൃത്വത്തില്‍ ജൂണ്‍ 6-ാം തീയതി നടത്തിയ ഒരുക്ക ധ്യാനത്തില്‍ തീരുമാനിച്ചതനുസരിച്ചാണ് ഈ വോളന്റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയോടെ 5 മണിക്ക് അവസാനിക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള വോളണ്ടിയേഴ്സ് പങ്കെടുക്കേണ്ടതാണ്. ഒക്ടോബര്‍ 28-ാം തീയതി നടക്കുന്ന കണ്‍വെന്‍ഷന്റെ വിജയത്തിനായി സംഘാടക കമ്മിറ്റിയുടെ ഭാഗമായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും നേതൃത്വ പാടവവും ആവശ്യമാണ്.