കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്
Leave a Reply