ന്യൂഡല്‍ഹി: ടി.പി.സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞു. ചീഫ് സെക്രട്ടറി നല്കിയ സത്യവാങ്മൂലത്തിലാണ് കോടതിയില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞത്. നാളെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പിഴ വിധിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ പറഞ്ഞത്. കേസില്‍ സര്‍ക്കാരിന് തിരിച്ചടിയേറ്റെന്ന പ്രതിപക്ഷാരോപണവും മുഖ്യമന്ത്രി തള്ളി.
സെന്‍കുമാര്‍ കേസില്‍ വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ വ്യക്തതാ ഹര്‍ജി നല്‍കിയത് സുപ്രീം കോടതി തള്ളുകയും 25,000 രൂപ കോടതിച്ചെലവ് നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഈ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ.മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പക്ഷേ അടിയന്തര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ അടിയന്തര പ്രമേയമെന്ന പേരില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ പരാമര്‍ശിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയത്. സെന്‍കുമാര്‍ കേസില്‍ നിയമസാധുത ആരായുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലാണ്. ബാലനീതി വകുപ്പിന്റെ നിയമനടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Leave a Reply