ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 396 വർഷം ബ്രിട്ടന്റെ കോളനി രാജ്യമായിരുന്ന ബാർബഡോസ് പാർലമെന്റ് റിപ്പബ്ലിക് ആയി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധാർഹമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി മിയ മോട്ട്ലി വ്യക്തമാക്കി. ഇനിമുതൽ രാജ്യത്തിന്റെ പരമോന്നത അധികാരത്തിൽ എലിസബത്ത് രാജ്ഞി ഉണ്ടാവുകയില്ല. മൂന്നുവർഷമായി ഗവർണർ ജനറൽ പദവി വഹിക്കുന്ന സാൻഡ്ര മേസൺ തിങ്കളാഴ്ച രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡണ്ടായി ചുമതലയേറ്റു. രാജ്ഞിയുടെ പ്രതിനിധിയായി ചാൾസ് രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തു. ചാൾസ് രാജകുമാരനോടൊപ്പംതന്നെ ബാർബഡോസ് പൗരത്വമുള്ള പ്രശസ്ത ഗായിക റിയാനയും ചടങ്ങിൽ പങ്കെടുത്തു. കരീബിയൻ രാജ്യമായ ബാർബഡോസ് അനുഭവിച്ച അടിമത്തത്തെ സംബന്ധിച്ച് ചാൾസ് രാജകുമാരൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വളരെ സൗഹാർദ്ദപരമായി ഒരു ബന്ധം നിലനിർത്തണമെന്ന് രാജകുമാരൻ ഓർമ്മിപ്പിച്ചു.


ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പത്തിഅഞ്ചാം വാർഷിക ദിനത്തിൽ തന്നെയാണ് റിപ്പബ്ലിക് ആകാനുള്ള തീരുമാനവും രാജ്യം കൈക്കൊണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലൊന്നായി തന്നെ ബാർബഡോസ് തുടരും. 1627 ലാണ് ആദ്യമായി ബാർബഡോസ് ബ്രിട്ടന്റെ കോളനിയായി തീർന്നത്. ബ്രിട്ടന്റെ ആദ്യകാല കോളനികളിൽ ഒന്നായിരുന്നു ബാർബഡോസ്. തുടർന്ന് ആഫ്രിക്കയിൽ നിന്നും മറ്റും അടിമകളെ എത്തിച്ച് ഇവിടെ വിപുലമായ കരിമ്പുകൃഷി ബ്രിട്ടീഷുകാർ ആരംഭിച്ചു. 1966 ലാണ് ബ്രിട്ടനിൽ നിന്നും പൂർണസ്വാതന്ത്ര്യം ബാർബഡോസ് നേടിയത്. 285000 ജനസംഖ്യയുള്ള, ഏറ്റവും വലിയ കരീബിയൻ ദ്വീപുകളിലൊന്നാണ് ബാർബഡോസ്.