റോഡുകളിലെ നിയമലംഘനങ്ങൾക്കു കർശന നടപടികൾ നിർദേശിക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയതുൾപ്പെടെ നിരവധി ഭേദഗതികളാണ് പുതിയ നിയമപ്രകാരം നടപ്പാക്കുക. ഇതോടെ ഗതാഗത നിയമലംഘനങ്ങൾക്കു ചുമത്തുന്ന പിഴ ഗണ്യമായി വർധിക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യതവണ ആറുമാസം തടവും 10,000 രൂപ പിഴയും ലഭിക്കും. കുറ്റകൃത്യം ആവർത്തിക്കപ്പെട്ടാൽ 15,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. ഇൻഷ്വറൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യ തവണ 2000 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ 4000 രൂപയായി ഉയരും. മൂന്നുമാസം വരെ തടവുശിക്ഷയും ലഭിക്കും. പെർമിറ്റില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും.
ഇതേ കുറ്റകൃത്യത്തിനു വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ഒരു വർഷം തടവുശിക്ഷയും ലഭിക്കും. അപകടകരമായ ഡ്രൈവിംഗിന് ആദ്യതവണ 5000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. രണ്ടാം തവണ ഇതേ കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേയും മോട്ടോർ വാഹനവകുപ്പ് നാളെ മുതൽ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സ്കൂൾ, കോളജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തും. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ സ്വന്തമായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചതിനെ തുടർന്നാണിത്. പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്ന വ്യക്തിക്ക് 25,000 രൂപ വരെ പിഴ ചുമത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്കു റദ്ദാക്കുകയും ചെയ്യും.
Leave a Reply