തെരുവുനായകള്‍ക്ക് ഭക്ഷണം നൽകുന്നതിനിടയിൽ സീരിയല്‍ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് തെരുവ് നായ കടിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തെരുവ് നായ്ക്കൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശാന്തയ്ക്ക് ഉണ്ട്. അത്തരത്തിൽ ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംങ്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ ആണ് സംഭവം. വലതു കൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂർ മാർക്കറ്റും ജംങ്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. നിരവധി പേരാണ് കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്.
ഇതിനിടെ, തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി അനില്‍കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം. ഓരോ എസ്എച്ച്ഒമാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിജിപി പറയുന്നു.
Leave a Reply