കോഴിക്കോട് ബിരിയാണിക്ക് ഏറെ പേരുകേട്ട ഹോട്ടലാണ് റഹ്മത്ത്. ഇവിടെ ബിരിയാണി കഴിക്കാന്‍ എത്ര നേരം പോലും കാത്തുനില്‍ക്കാന്‍ ഭക്ഷണപ്രേമികള്‍ തയാര്‍. ഇങ്ങനെയുള്ള റഹ്മത്തില്‍ കഴിഞ്ഞദിവസം നടന്ന ബിരിയാണി തല്ലിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം. തല്ലിയത് സീരിയല്‍ നടി, കൊണ്ടത് വെയ്റ്റര്‍മാരും. ആദ്യ ദിവസം സീരിയല്‍ നടി അനു ജൂബി വെയ്റ്ററെ തല്ലിയെന്നായിരുന്നു വാര്‍ത്ത. പിറ്റേദിവസം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ നടി പഴിച്ചത് ഹോട്ടല്‍ ജീവനക്കാരെ. ഇപ്പോഴിതാ സീരിയല്‍ നടിയെ വെട്ടിലാക്കി സംഭവസമയത്ത് അവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. മലാപ്പറമ്പ് സ്വദേശിയായ നജീബ് എന്നയാളാണ് അന്നേദിവസം സംഭവിച്ച കാര്യത്തെപ്പറ്റി മനസുതുറന്നത്.

നജീബ് പറയുന്നത് ഇങ്ങനെ- ഇടയ്‌ക്കൊക്കെ റഹ്മത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് ഞങ്ങള്‍ സുഹൃത്തുക്കളുടെ പതിവാണ്. കോഴിക്കോട്ട് ടൗണില്‍ തന്നെയാണ് ഞാന്‍ ജോലി ചെയ്യുന്നത്. അന്നും പതിവുപോലെ ഞങ്ങള്‍ ഹോട്ടലിലെത്തി. ഭാഗ്യവശാല്‍ സീറ്റ് കിട്ടി. ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രണ്ടു സീറ്റിനപ്പുറത്തുള്ള ടേബിളില്‍ നിന്ന് വലിയ വാക്‌വാദം കേള്‍ക്കുന്നത്. നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയും കൂടെയുള്ളവരും വെയ്റ്ററോട് കയര്‍ക്കുകയാണ്. 20-23 വയസ് മാത്രമുള്ള ജോലിക്കാരന്‍ പയ്യനോട് കേട്ടലറയ്ക്കുന്ന ഭാഷയിലാണ് ആ പെണ്‍കുട്ടിയുടെ കൂടെ വന്നവര്‍ സംസാരിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പമുള്ള ഒരു യുവാവ് മദ്യപിച്ചതു പോലെ നന്നായി ആടുന്നുണ്ട്.

ഈ സമയം ഹോട്ടലിന്റെ ചുമതലയുള്ള വ്യക്തിയാണോ എന്നറിയില്ല ഒരാള്‍ വന്ന് ഇവരെ ആശ്വസിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ വന്നവരില്‍ ചിലര്‍ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഓഫീസില്‍ ചെല്ലേണ്ട സമയമായതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് ചാനലുകളിലും ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്- നജീബ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, അനു ജൂബിയുടെ വാദം ഇങ്ങനെ- പിറന്നാള്‍ ആഘോഷിക്കാനാണ് ഞാന്‍ കൂട്ടുകാര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടുത്തെ ഭക്ഷണം രുചികരമായതുകൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടേബിള്‍ ഒന്നും ഒഴിവുണ്ടായിരുന്നില്ല. ഞാനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. കൂട്ടുകാര്‍ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്തുനിന്നു. ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ വന്ന് മട്ടന്‍ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങള്‍ക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാള്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഓര്‍ഡര്‍ എടുക്കുന്ന സമയത്ത് പോലും ഭക്ഷണം വൈകുമെന്ന് പറഞ്ഞിരുന്നില്ല.

ഹോട്ടലില്‍ എത്തിയവരോട് മോശമായി പെരുമാറിയ വെയ്റ്ററെ കൂട്ടുകാര്‍ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാള്‍ മോശമായി സംസാരിച്ചത്. ‘നീ എന്തൊരു ചരക്കാണെടീ..’ എന്നാണ് അവന്‍ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാല്‍ ഏത് പെണ്ണും പ്രതികരിച്ചു പോകും. ആ ഡയലോഗ് കേട്ടപ്പോള്‍ അത് നിന്റെ അമ്മയോട് പറഞ്ഞാല്‍ മതി എന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. ഈ പ്രശ്‌നത്തില്‍ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാള്‍ മോശമായി പെരുമാറുകയും അവളെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത വന്നത് ഞാന്‍ മര്‍ദ്ദിച്ചുവെന്നും മട്ടന്‍ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വച്ചുവെന്നുമാണ്. ഇതില്‍ പരാതിപ്പെടാനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പുറകെ അവിടെ ഹോട്ടലില്‍ വെച്ച് പ്രശ്‌നമുണ്ടാക്കിയ ആള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാള്‍ അവിടത്തെ ഒരു സിപിഎം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിഞ്ഞത്.

സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരുടെ പെരുമാറ്റവും വളരെ മോശമായിരുന്നു. ഒരു വനിതാ പോലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. എന്റെ ഫോണൊക്കെ പോലീസുകാര്‍ വാങ്ങി പരിശോധിക്കുകയും ചെയ്തിരുന്നു, അതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല.