ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്. കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്നയുടെ വരനേയും കാണാം. പിന്നെ ഗോളടിക്കാനൊരുങ്ങുന്ന മേഘ്നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ഭാവാഭിനയം. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം. ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്.
ഫുട്ബോള്‍ ഗോളാകാതെ തടയാന്‍ ഏതറ്റം വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്. വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു എന്നും സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല എന്നും കമന്റുകള്‍ വന്നിരിക്കുന്നു.
ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 183 ലൈക്കുകളും 10,753 ഡിസ് ലൈക്കുകളുമിട്ട് കാണികള്‍ അഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന് മുമ്പ് ഇത്രയധികം ആളുകള്‍ ലൈക്കും ഡിസ് ലൈക്കുമിട്ട് പ്രോത്സാഹിപ്പിച്ചത് പേളിയുടേയും ജിപിയുടേയും തേങ്ങാക്കുല മാങ്ങാത്തൊലി എന്ന ഗാനത്തിനാണ്. ഒട്ടനവധി ആളുകള്‍ ആശംസകള്‍ അയച്ചതിനേത്തുടര്‍ന്ന് പേളിയും ജിപിയും ഗാനം ചിത്രീകരിച്ച സാഹചര്യത്തേപ്പറ്റി തുറന്ന് പറയുകയും തുടര്‍ന്ന് കാണികള്‍ ആശംസകളറിയിക്കുന്നത് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. നേരത്തെ അരുവിക്കര ഉപ തെഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ മേഘ്ന അവിടെയും അഭിപ്രായപ്രകടനം നടത്തി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നടി ഡിമ്പിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോം. പ്രണയദിനത്തിലാണ് വിവാഹം ഉറപ്പിക്കല്‍ നടന്നതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല എന്നതാണ് സത്യം . വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിവരുടേത്. ഒരു സ്വകാര്യ കമ്പനി സി.ഇ.ഒയായ ഡോണ്‍ ഉറപ്പിക്കല്‍ ചടങ്ങിന് എത്തിയതുതന്നെ തന്റെ പ്രിയതമയ്ക്കായി വാലന്റൈന്‍ ഗിഫ്റ്റുകളുമായിട്ടായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ് തൃശൂര്‍ സ്വദേശിയായ ഡോണും വരുന്നത്. അതുകൊണ്ടുതന്നെ അങ്ങനെയൊരു കുടുംബത്തില്‍ മരുമകളായി പോകുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് മേഘ്ന പറയുന്നത്. മേഘ്നയും ഡിമ്പിളും ബാലതാരങ്ങളായാണ് അഭിനയരംഗത്തെത്തിയത്. രണ്ടുപേരും സീരിയലില്‍ സജീവ സാന്നിധ്യമാണ്.