ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പെരുമാറ്റദൂഷ്യ പരാതികളിൽ അന്വേഷണം നേരിട്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്. ആരോപണങ്ങൾ നിക്ഷേധിച്ച റാബ് തനിക്കെതിരെ ഉയർന്ന രണ്ട് പരാതികളെ പറ്റിയും അന്വേഷണം നടത്താൻ ഋഷി സുനക്കിനോട് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കീഴിൽ ജസ്റ്റിസ് സെക്രട്ടറിയായും വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ച സമയത്താണ് പരാതിക്ക് ആസ്പദമായ സംഭവം. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നതാണ് ഒരു പരാതി. ആരോപണങ്ങൾ തള്ളിയ റാബ്, ജോലിയിലുടനീളം പ്രൊഫഷണലായി പെരുമാറിയെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞു.
റാബ് വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകാൻ സഹപ്രവർത്തകർക്ക് ഭയമായിരുന്നുവെന്ന് വിദേശകാര്യ ഓഫീസിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഒരു സ്വതന്ത്ര അന്വേഷകനെ തിരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. സർക്കാരിന് പുറത്ത് നിന്നുള്ള വ്യക്തിയെയാണ് തിരഞ്ഞെടുക്കുക.
സെപ്റ്റംബറിൽ അധികാരമേറ്റപ്പോൾ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് റാബിന് പദവികൾ ഒന്നും തന്നെ നൽകിയിരുന്നില്ല . എന്നാൽ സുനക് പ്രധാനമന്ത്രി ആയപ്പോൾ മന്ത്രിസഭയിൽ അദ്ദേഹത്തിന് പ്രാതിനിധ്യം നൽകി. ആരോപണങ്ങൾ തെളിയുകയാണെങ്കിൽ റാബിൻറെ മന്ത്രിസഭയിലെ ഭാവി അനിശ്ചിതത്തിൽ ആകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Leave a Reply