രാജേഷ്‌ ജോസഫ് 

ഇണയും തുണയുമായി ദൈവം സൃഷ്ടിച്ച മനുഷ്യന് നന്മ തിന്മകളെ വേര്‍തിരിക്കാനുണ്ടായ വൃക്ഷമാണ് സഭ. സഭയുടെ അടിസ്ഥാന ശില പിതാ – പുത്ര- പരിശുദ്ധ ദൈവമാണ്. ഗോത്ര വര്‍ഗ പാരമ്പര്യങ്ങളില്‍നിന്നും ഇന്ന് കാണുന്ന സംഘടിതമായ സ്ഥിതിയിലേക്ക് എത്തിയതിന്റെ പിന്നിലെ ചരിത്രം വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമാണ്.
തങ്ങളുടെ ഭാഷയും, പാരമ്പര്യങ്ങളും, ആരാധന രീതികളും, ആചാര അനുഷ്ടാനങ്ങളും നെഞ്ചോടു ചേര്‍ത്ത് പരിപാലിച്ചിരുന്ന ഒരു സമൂഹം പിറന്ന നാടും, മണ്ണും, ബന്ധുക്കളെയും ഉപേക്ഷിച്ച് കേരളത്തിന്റെ മണ്ണില്‍ കുടിയേറിയതിന്റെ പിന്നിലെ ചേതോവികാരം സഭയാകുന്ന വൃക്ഷത്തെ പടുത്തുയര്‍ത്താനാണ്.

സഭാ തരുവിനെ മറന്നുള്ള ഒരു മിഷനും തളിരിടില്ല എന്നുള്ളത് പരമമായ സത്യമാണ്. കാരണം അവ ദൈവ നിവേശിതമല്ല. 17 നൂറ്റാണ്ടുകളായി വിവിധതരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും 400പേര്‍ മാത്രമായി വന്നവര്‍ രണ്ടു ലക്ഷം വ്യക്തികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടങ്കില്‍ അത് സഭ ആത്മാവില്‍ അഗ്‌നിയായി സൂക്ഷിക്കുന്നതുകൊണ്ടാണ്. സ്വന്തം ഭാഷയും, ആരാധന രീതികളും ഒരു മടിയും കൂടാതെ തദ്ദേശീയരായ ജനതയ്ക്ക് നല്‍കിയ സമുദായം 17 നൂറ്റാണ്ടുകളും അപ്പുറം തങ്ങളുടെ പാരമ്പര്യങ്ങളില്‍ അടിയുറച്ച വിശ്വാസം സംരക്ഷിക്കാന്‍ ഇന്നും കുരിശുയുദ്ധം നടത്തിക്കൊണ്ടേയിരിക്കുന്നു.
സീറോ മലബാര്‍ സഭ എന്ന വിത്ത് പാകി നനച്ചു വളര്‍ത്തി ഇന്ന് വലിയ വൃക്ഷമാക്കാന്‍ സഹായിച്ച കോട്ടയം രൂപതയേയും ക്‌നാനായ സമുദായത്തെയും അവയുടെ വ്യതിരക്തതകളോടെ മനസിലാക്കി നിലനിര്‍ത്തിക്കൊണ്ടുള്ള പോകുവാനുള്ള ചുമതല സീറോ മലബാര്‍ സഭയ്ക്കുണ്ട്. നാനാത്വത്തില്‍ ഏകത്വം നാം ഇന്ന് എല്ലാ മേഖലകളിലും കാണുന്നു. ഓരോ വൃക്തികളെയും, സമുദായങ്ങളെയും, സംഘടനകളെയും അവയുടെ വ്യതിരക്തതകളോടെ അംഗീകരിക്കുമ്പോഴാണ് വളര്‍ച്ച ഉണ്ടാകുന്നത്. ഇത് തന്നെയാണ് സുവിശേഷത്തിലും പ്രതിപാദിക്കുന്നത്. തന്നോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ പരിപൂര്‍ണ മനുഷ്യനായി ക്രിസ്തു സ്ത്രീയില്‍നിന്നും ജാതനായി.
ഒരു വര്‍ഷം പിന്നിട്ട യുകെയിലെ സീറോ മലബാര്‍ സഭയുടെ മെല്ലെ പോക്കിന് ഒരു കാരണം ക്‌നാനായ സമുദായ അംഗങ്ങളുടെ പരോക്ഷമായ നിസ്സഹകരമാണ്.

സഭയോട് ചേര്‍ന്ന് മുന്നോട്ടു നീങ്ങുവാന്‍ സമുദായ അംഗങ്ങള്‍ മുന്നോട്ടു വരണം. ഏതൊരു വൃവസ്ഥിതിയില്‍ മാറ്റം ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ ആ വ്യവസ്ഥിതിയുടെ ഭാഗം ആയി മാറണം. സഭാ നേതൃത്വം തുറന്ന മനസോടു കൂടി കാര്യങ്ങളെ സമീപിക്കണം. കാലാകാലങ്ങളായി കോട്ടയം രൂപതയും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സിനഡ് എടുക്കുമ്പോള്‍ അവയൊക്കെ പരിശുദ്ധ സിംഹാസന കേന്ദ്രികൃതവും ഇതര രൂപത വികസന തീരുമാനങ്ങള്‍ സിനഡ് കേന്ദ്രികൃത രീതികളും ആകുമ്പോള്‍ ഉണ്ടാക്കുന്ന തുടര്‍ചലനങ്ങളാണ് ഈ പരോക്ഷമായ നിസ്സഹകരണത്തിനു അടിസ്ഥാനം.

തങ്ങള്‍ പൊന്നുപോലെ കാത്തുപരിപാലിച്ച ചില അനുഷ്ടാനങ്ങള്‍ (സ്വവംശ വിവാഹം ഒഴികെ) ഇതര സഭാ സമൂഹങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ സമുദായ അംഗങ്ങള്‍ ആശങ്കപ്പെടരുത്. അവ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. പങ്കു വെയ്ക്കാതെ വിഭജിക്കപ്പെടാതെ അപ്പം വിശുദ്ധ കുര്‍ബാന ആകില്ല.
സീറോ മലബാര്‍ സഭയെ വളര്‍ത്താന്‍ ക്‌നാനായ മിഷനുകള്‍ ഈ കാലഘട്ടത്തില്‍ ആവശ്യമാണ്. വ്യക്തി, കുടുംബ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ മിഷനുകള്‍ക്ക് സാധിക്കും. മക്കള്‍ക്ക് നല്ല മാതൃകകള്‍ നല്‍കി വിശ്വാസ ജീവിതത്തില്‍ അടിയുറച്ച ഉത്തമ പൗരന്മാരായി മാറുവാനുള്ള കളരിയായി കുടുംബങ്ങളെ പോലെ മിഷനുകളും മാറണം. സഭയെ ഒഴിവാക്കി ആത്മീയ നേതൃതത്തെ തിരസ്‌കരിച്ചുള്ള മിഷന്‍ പ്രവര്‍ത്തനം വെറും വ്യക്തി താല്പര്യം മുന്‍നിര്‍ത്തിയുള്ള ഇന്നത്തെ രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം പോലെ ആകും. എല്ലാവരെയും ഉള്‍കൊള്ളുന്ന, അംഗീകരിക്കുന്ന, നാനാത്വത്തില്‍ ഏകത്വം കാത്തു സൂക്ഷിക്കുന്ന മിഷനുകള്‍ ഉണ്ടാക്കട്ടെ എന്ന് പ്രത്യാശിക്കാം.

(ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ മാത്രം അഭിപ്രായമാണ്)