കോട്ടയം: സീറോ മലബാര്‍ സഭയില്‍ വിശ്വാസികള്‍ക്കിടയില്‍ നടത്താന്‍ തയ്യാറാക്കിയ സര്‍വേ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ സഭയ്ക്കുള്ളില്‍ നിന്നുതന്നെ തിരുത്തലുമായി ഒരു വൈദികന്‍. പഞ്ചാബ് ബണാലയിലെ ‘മിഷനറീസ് സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പസ്‌തോലേറ്റ്’ സമൂഹാംഗമായ ഫാ. ജോസ് വള്ളിക്കാട്ടില്‍ ആണ് സഭാ നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ബദല്‍ സര്‍വേയുമായി എത്തിയത്. സഭ എത്തിനോക്കേണ്ടത് വിശ്വാസികളുടെ സ്വകാര്യതയിലേക്കല്ല, അവരുടെ ജീവിതത്തിലേക്കാണെന്നും മാന്യമായി ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കുണ്ടോ എന്നുമാണെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ഫാ. ജോസ് സര്‍വേ തയ്യാറാക്കി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഭയില്‍ ഇപ്പോള്‍ ‘സര്‍വേക്കാലം’ ആണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. സഭാ മക്കളില്‍ എത്രപേര്‍ വയറുനിറച്ച് ഉണ്ണുന്നുണ്ട്? അവര്‍ എത്രനേരംഉണ്ണുന്നു? സഭ കരുതി വയ്‌ക്കേണ്ട സഭാ മക്കള്‍ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങള്‍, സഭാ മക്കള്‍ക്ക് വീടുണ്ടോ? വീട്ടിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയുണ്ടോ? ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം എത്ര? സ്വന്തമായി ഭൂമി ഉള്ളവര്‍ എത്ര? അവശ (ദളിത്) ക്രൈസ്തവര്‍ സഭയുടെ മുന്‍നിരയില്‍ കഴിയുന്നതെങ്ങനെ? അവരുടെ കൂദാശ സ്വീകരണം എങ്ങനെ?
സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം? അവരില്‍ ധനവാന്മാര്‍ , ദരിദ്രര്‍, നമ്പൂതിരി കുടുംബത്തില്‍ പിറന്നവര്‍, അല്ലാത്തവര്‍ എന്നീ വിവരം വേറെ വേറെ. സഭയ്ക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും…. തുടങ്ങി 19 ഓളം വിവരങ്ങളില്‍ ഊന്നിയുള്ള ചോദ്യാവലിയാണ് ഈ വൈദികന്‍ ഉന്നയിച്ചിരിക്കുന്നത്.
സീറോ മലബാര്‍ കുടുംബപ്രേഷിത കേന്ദ്രം ഹ്യുമനേ വിത്തേ (മനുഷ്യജീവന്‍ )യുടെ സൂവര്‍ണ ജൂബിലി വര്‍ഷ കുടുംബ പഠന സര്‍വേ എന്ന പേരില്‍ ദമ്പതികളുടെ സ്വകാര്യതയിലേക്കും ലൈംഗികതയിലേക്കും വരെ ചൂഴ്ന്നുനോക്കുന്ന സര്‍വേ തയ്യാറാക്കിയത്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ‘ഹ്യുമാനേ വിത്തേ’ എന്ന ചാക്രിക ലേഖനം നിലവില്‍ വന്നതിന്റെ അമ്പതാം വര്‍ഷിക വേളയിലാണ് സഭ ഇത്തരമൊരു സര്‍വേയ്ക്ക് മുന്നോട്ടുവന്നത്. കുടുംബപ്രേഷിത കേന്ദ്രം സെക്രട്ടറി ഫാ.ജോസഫ് കൊല്ലക്കൊമ്പിലിന്റെ പേരിലാണ് സര്‍വേ ഇറങ്ങിയത്. സര്‍വേയ്‌ക്കെതിരെ ഒരു വിഭാഗം വൈദികര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചോദ്യാവലി വിശ്വാസികള്‍ക്കിടയിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
ഫാ. ജോസ് വള്ളിക്കാട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സഭയിൽ ഇപ്പോൾ “സർവേക്കാലം” ആണല്ലോ.
“ഒരു ചോദ്യാവലി കിട്ടിയിരുന്നെങ്കിൽ…” എന്ന് ഞാൻ ആശിക്കുന്നു.
പക്ഷെ താഴെ പറയുന്ന ചോദ്യങ്ങൾ അതിൽ ഉണ്ടാവണം.
ചോദ്യാവലി ഇഷ്ടപെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതണെ…
1. സഭാമക്കളിൽ എത്രപേർ വയറു നിറച്ചു ഉണ്ണുന്നുണ്ട്?
2. അവർ എത്ര നേരം ഉണ്ണുന്നു? ഒരുനേരം, രണ്ടുനേരം, മൂന്നു, നാല്, അഞ്ചു, ഒരിക്കലും ഇല്ല.
3. വാർക്കുന്ന ചോറിന്റെ അളവ് എത്ര? ഉരി, നാഴി, പറ, ഒഴിനാഴി.
4. പാല്, പ്രോടീൻ, അന്നജം, കാൽസിയം എന്നിവയുടെ വെവ്വേറെ ഉള്ള അളവ് എത്ര?
5. സഭ കരുതൽ വെക്കേണ്ട, സഭാ മക്കൾ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങൾ, ആവർത്തി, അളവ്.
6. സഭാ മക്കൾക്ക് വീടുണ്ടോ? വീടിനു മേൽക്കൂര ഉണ്ടോ? അത് വാർക്ക, ഓട്, ഓല, ആകാശം?
7. വീടിന്റെ മുറികളുടെ എണ്ണം? ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു, തറ മാത്രം.
8. വീട്ടിലെ സ്ത്രീകൾക് അർഹമായ പരിഗണന ഉണ്ടോ?
9. തീരുമാനങ്ങളിൽ സ്ത്രീകൾ പങ്കാളിയാണോ?
10. സഹനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ചപാട് എന്ത്?
11. സഹനം സ്ത്രീകൾക്കും, അബലർക്കും മാത്രം മതി.
12. ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ വേറെ വേറെ,
13. സ്വന്തമായി ഭൂമി ഉള്ളവർ എത്ര?
14. ഭൂമി ഇല്ലാത്തവർ നമ്പൂരി ക്രൈസ്തവരുടെ അടിയാളർ ആയി കഴിയുന്നുണ്ടോ?
15. അവശ (ദളിത്) ക്രൈസ്തവർ സഭയുടെ മുൻനിരയിൽ കഴിയുന്നതെങ്ങനെ?
16. അവശ (ദളിത്) ക്രൈസ്തവർ മുഖ്യധാരയിൽ നിന്ന് കൂദാശകൾ സ്വീകരിക്കുന്നതെങ്ങനെ?
17. സഭയുടെ സ്ഥാപനങ്ങളിൽ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം. ധനവാന്മാർ, ദരിദ്രർ, നമ്പൂരികുടുംബത്തിൽ പിറന്നവർ, അല്ലാത്തവർ എന്നീ വിവരം വേറെ വേറെ.
18. സഭക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും.
19 അധികാരി അടുപ്പിൽ കാര്യം സാധിക്കുന്നതിൽ കുഴപ്പം ഉണ്ടോ?
ചോദ്യാവലി സമ്പൂർണമല്ല… ആവശ്യാനുസരണം ചോദ്യങ്ങൾ കൂട്ടാവുന്നതാണ്.
Leave a Reply