കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങി. യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.

ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സെസി ഹാജരാവേണ്ടിയിരുന്നത്. എന്നാൽ, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവർ എത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞതും കോടതിക്ക് പിന്നിൽ നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ബാർ അസോസിയേഷന്‍റെ പരാതിപ്രകാരമാണ് സെസി സേവ്യറിനെതിരെ കേസെടുത്തത്. മതിയായ യോഗ്യതകളില്ലാതെയായിരുന്നു ഇവർ അഭിഭാഷകയായി പ്രവർത്തിച്ചത്. എൽ.എൽ.ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി. കേസെടുത്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു.