ദിനേശ് വെള്ളാപ്പിള്ളി

ഓക്‌സ്‌ഫോഡ്: ഗുരുധര്‍മ്മ പ്രചരണ സഭ സേവനം യു.കെയുടെ മൂന്നാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സര്‍വ്വ മതസമ്മേളനം ചെയര്‍മാന്‍ ഡോ: ബിജു പെരിങ്ങത്തറ പതാക ഉയര്‍ത്തിയതോടു കൂടി സമാരംഭിച്ചു. യോഗാദ്ധ്യക്ഷന്‍ ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി ഗുരുപ്രസാദ് സ്വാമിജിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന സര്‍വ്വ മത സമ്മേളനത്തില്‍ ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച് ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി ശ്രീ. അബ്ദുള്‍ കരീം, മലങ്കര കാത്തലിക് ചര്‍ച്ച് നാഷനല്‍ കോര്‍ഡിനേറ്റര്‍ ഫാദര്‍ തോമസ് മടുക്കമൂട്ടില്‍ ക്രിസ്തുമതത്തെ പ്രതിനിധീകരിച്ചും ബ്രിസ്റ്റള്‍ ഡപ്യൂട്ടി മേയര്‍ ടോം ആദിത്യ, ആനന്ദ് ടിവി ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ലോകമെമ്പാടും ഇന്ന് കാലുഷ്യങ്ങള്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തരുണത്തില്‍ ഗുരുദേവന്റെ ജാതി-മത- ദൈവ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്നും എല്ലാവരും ആത്മസഹോദരരാണെന്ന ബോധതലത്തില്‍ നിന്നു കൊണ്ട് ‘പൊരുതി ജയിപ്പതസാദ്ധ്യം; ഒന്നിനോടൊന്ന് ഒരു മതവും പൊരുതാലൊടുങ്ങുവീല”എന്ന തത്ത്വദര്‍ശനം എല്ലാ മത പ്രചാരകരും പ്രചരിപ്പിക്കേണ്ടതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗുരുപ്രസാദ് സ്വാമികള്‍ പറഞ്ഞു.

‘കഴിഞ്ഞ നാലു വര്‍ഷങ്ങളായി മാസത്തില്‍ രണ്ടു പ്രാവശ്യം വീതം യു.കെയിലെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താന്‍ ആദ്യമായിട്ടാണ് ഇവിടെ ഒരു സര്‍വ്വ മത സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് യഥാര്‍ത്ഥ മതങ്ങള്‍ അതു തന്നെയാണ് മാനവികത എന്നും ശ്രീ.അബ്ദുള്‍ കരീം പറഞ്ഞു.

ഇവിടെ കൂടിയിരിക്കുന്നവരെല്ലാം ദൈവ വിശ്വാസികളാണെന്നതാണ് എന്നെ സ്വാധീനിച്ച ഘടകം. മതമൗലികവാദമല്ല മാനവികതയിലൂന്നിയ മനുഷ്യ സ്‌നേഹമാണ് ഇന്നാവശ്യം എന്ന് ഫാദര്‍ തോമസ് മടുക്ക മൂട്ടില്‍ പറഞ്ഞു.

 

ബ്രിസ്റ്റോള്‍ ഡപ്യൂട്ടി മേയര്‍ ടോം ആദിത്യ, സാമൂഹിക പ്രവര്‍ത്തകനും ആനന്ദ് ടിവി ഡയറക്ടറുമായ ശ്രീകുമാര്‍ എന്നിവരും സംസാരിച്ചു. പ്രസ്തുത ചടങ്ങില്‍ സേവനം യുകെയുടെ സ്ഥാപക ചെയര്‍മാനായ ശ്രീ ബൈജു പാലക്കലിനെ ഇപ്പോഴത്തെ ചെയര്‍മാന്‍ ഡോ.ബിജു പെരിങ്ങത്തറയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് മൊമന്റാ നല്‍കി ആദരിച്ചു. ചടങ്ങില്‍ വനിതാ കണ്‍വീനര്‍ കുമാരി ആഷ്‌ന അമ്പു സ്വാഗതവും ഓക്‌സ്‌ഫോര്‍ഡ് കുടുംബ യൂണിറ്റ് കണ്‍വീനര്‍ രാജീവ് നന്ദിയും പ്രകാശിപ്പിച്ചു.

സേവനം യു.കെ യുടെ തീം സോങ്ങ് കേരളത്തില്‍ നിന്നെത്തിയ ഗ്രന്ഥകര്‍ത്താവും ഗാന രചയിതാവും ആയുര്‍വ്വേദ ഡോക്ടറുമായ ഡോ. ജയറാം ശിവറാം രചനയും സംഗീതവും ചെയ്ത ഗാനം സര്‍വ്വ മത സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. തുടര്‍ന്ന് സേവനം യു.കെ ഭാരവാഹികള്‍ അദ്ദേഹത്തെ മൊമന്റൊ നല്‍കി ആദരിച്ചു. പ്രഭാതത്തില്‍ ഗുരുപ്രസാദ് സ്വാമികളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ഗുരുദേവ അഷ്ടോത്തര നാമാവലി, മഹാഗുരുപൂജ മന്ത്രാര്‍ച്ചനയും തുടര്‍ന്ന് കുടുംബ ജീവിതം ശ്രീ നാരായണ ദര്‍ശനത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠന ക്ലാസും നടന്നു. ചടങ്ങില്‍ 100 കണക്കിന് കുടുംബങ്ങള്‍ ജാതി മത ഭേദമന്യേ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വൈസ് ചെയര്‍മാന്‍ അനില്‍ സി.ആര്‍, ട്രഷറര്‍ രെസി കുമാര്‍, പി.ആര്‍ ഓ യും കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്ററുമായ ദിനേഷ് വെള്ളാപ്പള്ളി, ജോയിന്റ് കണ്‍വീനര്‍ സാജന്‍ കരുണാകരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സേവനം യു.കെയുടെ കുടുംബ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളോടെ മൂന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ പര്യവസാനിച്ചു. ഗുരുദേവ ദര്‍ശനം ജാതി മത ഭേദങ്ങള്‍ക്കതീതമായി നിലകൊള്ളുന്ന ഉപനിഷദ് തത്ത്വങ്ങളാണ്. ഗുരുദേവ ദര്‍ശനങ്ങളും ധര്‍മ്മാനുഷ്ടാനങ്ങളും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭയോട് ചേര്‍ന്നിന്നു കൊണ്ട് യു.കെയിലെ സമൂഹം ജാതി മത ഭേദമന്യെ ഒത്തൊരുമിച്ച് കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി പ്രവര്‍ത്തിക്കന്ന സംഘടനയാണ് സേവനം- യു.കെ. ഇതിന്റെ മൂന്നാം വാര്‍ഷികം വിശ്വവിദ്യാലയങ്ങളുടെ ഈറ്റില്ലമായ ഓക്‌സ്‌ഫോഡില്‍ വെച്ചാണ് നടത്തിയത്.