ദിനേശ് വെള്ളാപ്പിള്ളി

സേവനത്തിന്റെ പുതുവഴികള്‍ തേടുന്ന ലോകമെമ്പാടുമുള്ള ജനതയ്ക്ക് മുന്നില്‍ മാതൃകയായി മാറിയ സേവനം യുകെ മെമ്പര്‍ഷിപ്പ് ക്യാംപെയിന് തുടക്കമാകുന്നു. പ്രമുഖ പ്രവാസി സംഘടനയായ സേവനം യുകെ ജനുവരി 1 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഒരു മാസത്തെ മെമ്പര്‍ഷിപ്പ് ക്യാംപെയിനാണ് സംഘടിപ്പിക്കുന്നത്. ജാതി മത ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന വ്യക്തികള്‍ക്ക് സേവനം യുകെയില്‍ മെമ്പറാകാനുള്ള സുവര്‍ണ്ണാവസരമാണ് ഇതുവഴി കൈവരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് ജാതിയുടേയോ മതത്തിന്റേയോ മതില്‍കെട്ടുകളില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവനം യുകെ.

‘ഈ ലോകത്ത് ഒരു ജാതിയേ ഉള്ളൂ.അത് മനുഷ്യ ജാതിയാണ്’, എന്ന് ഉദ്‌ബോധിപ്പിച്ച മഹാബോധമാണ് സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ സ്പര്‍ശിക്കാത്ത ഒരു പുരോഗമനവും നമുക്ക് ഈ പ്രപഞ്ചത്തില്‍ കാണാന്‍ സാധിക്കില്ല. ആ ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്ന ശ്രദ്ധേയമായ പ്രവാസി സംഘടനയായ സേവനം യുകെയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒരു മാസം നീളുന്ന മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ നടത്തുന്നത്.

ശ്രീനാരായണ ഗുരുവെന്ന ധിക്ഷണാശാലിയെ കുറിച്ച് സൂര്യനെ കുറിച്ചുള്ള അറിവ് പോലെ മാത്രമേ നമുക്ക് വിവരമുള്ളൂ. നമ്മുടേതായ കാഴ്ചപ്പാടില്‍ ഗുരുവേദ ദര്‍ശനങ്ങളെ നോക്കിക്കാണുമ്പോള്‍ അതിന് പരിമിതികള്‍ ഏറെയാണ്, അത് അപൂര്‍ണ്ണവുമാണ്. ഓരോ കോണില്‍ നിന്നും ഓരോ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഗുരു സര്‍വ്വചരാചരങ്ങളെയും ഒരുമിപ്പിക്കുന്ന മനസ്സാണ് പങ്കുവെച്ചത്. ലോകത്ത് ജാതിയുടേയും മതത്തിന്റെയും പേരില്‍ സംഘര്‍ഷങ്ങളും, യുദ്ധങ്ങളും നടക്കുന്ന കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുവിന്റെ വാക്കുകളുടെ പുരോഗമന ചിന്താഗതി ഒരു തലമുറയെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തു. രാജ്യത്ത് നടമാടിയ ഉച്ചനീചത്വത്തിനും ജാതി വര്‍ണ്ണനയ്ക്കുമെതിരെ പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരുവിന്റെ ചിന്തകള്‍ ലോക ജനതയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് സേവനം യുകെ ഏറ്റെടുത്തിരിക്കുന്നത്. ഈ സുദീര്‍ഘമായ ദൗത്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുകെയുടെ ഏത് ഭാഗത്ത് നിന്ന് വേണമെങ്കിലും മെമ്പര്‍ഷിപ്പെടുക്കാം. കേവലം ഒരു പൗണ്ട് മാത്രം നല്‍കി ഈ വാര്‍ത്തയില്‍ താഴെ നല്‍കുന്ന ലിങ്കിലൂടെ മെമ്പര്‍ഷിപ്പ് നേടാം.

യുകെയിലും, നമ്മുടെ നാട്ടിലും സേവനം യുകെയുടെ സേവനങ്ങള്‍ സംഘടിതമായി കൈമാറുന്നു. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും, പരുക്കേറ്റവര്‍ക്കും സേവനം യുകെ കൈതാങ്ങായി. ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ആലുവ ശിവരാത്രി മണപ്പുറത്ത് അത്യാധുനിക സൗകര്യങ്ങളോടെ ആംബുലന്‍സ് സര്‍വീസ്, വിദഗ്ധ ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ സംഘത്തെ ഏര്‍പ്പെടുത്തി പലരുടേയും ജീവന്‍ രക്ഷിക്കാന്‍ സേവനം യുകെയ്ക്കായി. യുകെയില്‍ അകാലത്തില്‍ മരണമടഞ്ഞ നമ്മുടെ പല സഹോദരങ്ങളുടെ കുടുംബങ്ങളെയും സേവനം യുകെ സഹായിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. സേവനം യുകെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുള്ള നിങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് ക്യാംപെയിന്റെ ഭാഗമായി ഈ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാം.

ഈ ക്യാംപെയിനില്‍ അണിചേരുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാനുള്ളത് ശ്രീനാരായ ഗുരുവിന്റെ മഹത്തായ ആദര്‍ശങ്ങളാണ്. ജനങ്ങള്‍ക്ക് ഗുരു നല്‍കിയിരിക്കുന്ന അറിവുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏവരെയും സേവനം യുകെയുടെ ഭാഗമാകാന്‍ ക്ഷണിക്കുകയാണ്. സേവനം യുകെ എന്ന സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ ഒരു വന്‍ വിജയമാക്കുവാന്‍ നിങ്ങളോരോരുത്തരോടും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അപേക്ഷിക്കുകയാണ്. യുകെയുടെ ഏത് കോണില്‍ നിന്ന് വേണമെങ്കിലും സേവനം യുകെയുടെ സംഘടനയില്‍ അണിചേരാവുന്നതാണ്.

സംഘടനയുടെ ഭാഗമാകുന്നതോടെ സേവനത്തിന്റെ പാതയില്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടേതായ പങ്കുവഹിക്കാവുന്നതാണ്. നമ്മള്‍ മനുഷ്യജാതിയാണെന്ന ഗുരുവിന്റെ ആ വാക്കുകളാണ് ഇക്കാലത്ത് പ്രസക്തമായിട്ടുള്ളത്. മാറിചിന്തിക്കേണ്ട കാലം ആഗതമായിരിക്കുന്നു. ജാതിയും, മതവുമല്ല നമ്മള്‍ ഒന്നാണെന്ന തിരിച്ചറിവാണ് ആവശ്യം. പരസ്പരം സ്‌നേഹിച്ചും സഹായിച്ചും മുന്നോട്ടുള്ള ജീവിതം ആനന്ദകരമാക്കണമെന്നുള്ളതാണ് സേവനം യുകെ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ആശയം. സേവനം യുകെയിലേക്ക് കടന്നുവരുന്ന ഓരോരുത്തര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിക്കുകയാണെന്നും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

രജിസ്ട്രേഷന്‍ ലിങ്ക് http://www.sevanamuk.com/registration/