ദിനേശ് വെള്ളാപ്പള്ളി
സെപ്റ്റംബര്‍ 10, ഞായറാഴ്ച വൂസ്റ്ററില്‍ മാനവരാശിയുടെ തന്നെ ആഘോഷത്തിനാണ് കൊടികയറുന്നത്. മനുഷ്യര്‍ക്ക് നന്മയുടെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുകയും, ഇരുട്ട് നിറഞ്ഞ ലോകത്ത് വെളിച്ചം നിറച്ച് വഴികാട്ടുകയും ചെയ്ത ഒരു നവോത്ഥാനനായകന്റെ ജന്മദിനം ലോകം കൊണ്ടാടുമ്പോള്‍ ആ മഹാനുഭാവന്‍ മനുഷ്യകുലത്തിന് എത്രത്തോളം പ്രാധാന്യമുള്ള സംഭാവനകള്‍ നല്‍കിയെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ! ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജന്മദിനാഘോഷങ്ങള്‍ ആഘോഷപൂര്‍വ്വം നടത്താനുള്ള ഒരുക്കത്തിലാണ് സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ‘സേവനം യുകെ’.
സേവനം യുകെയുടെ ചതയ മഹോത്സവത്തിനും, ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠ കനകജൂബിലിയും ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് മെമ്പറും, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍ എംപി ഡോ. എ. സമ്പത്ത് ചടങ്ങില്‍ മുഖ്യാതിഥിയാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വൂസ്റ്ററിലെ കട്ട്‌നാള്‍ ഗ്രീന്‍ & ഡിസ്ട്രിക്ട് മെമ്മോറിയല്‍ ഹാളിലാണ് സെപ്റ്റംബര്‍ 10-ന് രാവിലെ 9 മണിക്ക് ചതയ മഹോത്സവത്തിന് തുടക്കമാകുക. ശിവഗിരി ഗുരുദേവ മഹാസമാധി പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങള്‍ക്കും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് ശേഷം വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറും. ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയിലും, ഓരോ കുടുംബങ്ങളുടെ ഒത്തൊരുമയ്ക്കും, സന്തോഷത്തിനും എത്രത്തോളം പ്രാധാന്യമാര്‍ന്നതാണെന്നും സേവനം യുകെ ചതയമഹോത്സവം വിളംബരം ചെയ്യും. അതത് കാലത്തിന് അനുയോജ്യമായ മഹത്തായ സംസ്‌കാരം തന്നെയാണ് ഗുരുദേവന്‍ മാനവരാശിക്ക് പ്രദാനം ചെയ്തത്. ഈ സംസ്‌കാരത്തെ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ ആധുനിക ലോകത്തും സമാദാനം കളിയാടും.
ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കുകയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമുയര്‍ത്തുകയാണ്. ഗുരുദേവന്റെ 163-ാം ജന്മദിനത്തില്‍ സേവനം യുകെ മുന്നോട്ട് വെയ്ക്കുന്ന ആശയവും ഒരുമയുടെയും, സാഹോദര്യത്തിന്റെയുമാണ്. ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിച്ചു. പരിപാടികള്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പുകള്‍ അംഗങ്ങള്‍ ചേര്‍ന്ന് ഒരുക്കി വരികയാണ്.
Date: 2017 September 10
Time: 9 am to 6 pm
Venue: Cutnall Green and Ditsrict Memorial Hall, Addis Lane, Droitwich, Worcestershire, WR9 0NE
Leave a Reply