WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു.കെ യിലെ ശ്രീനാരായണ പ്രസ്ഥാന പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായം കുറിച്ചുകൊണ്ട് സേവനം യു.കെ യുടെ പുതിയ ഷെഫീൽഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. യു.കെ യിലെ ശിവഗിരി ആശ്രമത്തിന്റെ ആത്മീയ മാർഗനിർദേശത്തിലും അനുഗ്രഹത്തിലും രൂപം കൊണ്ട ഈ പുതിയ യൂണിറ്റ്, ഷെഫീൽഡിലെയും സമീപ പ്രദേശങ്ങളിലെയും ഗുരുവിശ്വാസി സമൂഹത്തിന് ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ കൂട്ടായ്മയുടെ വേദിയാകും.
ജൂൺ 20-ന് രാവിലെ ഗുരുദേവ കൃതികൾ കോർത്തിണക്കിയുള്ള ഭജനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ശ്രീ സിറിൾ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ഭക്തിനിർഭരമായ ഗുരുപൂജ നടന്നു.
സേവനം യു.കെ ജോയിന്റ് കൺവീനർ ശ്രീ രസികുമാർ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സേവനം യു.കെ വൈസ് ചെയർമാൻ ശ്രീ സജീഷ് ദാമോദരൻ ഷെഫീൽഡ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സംഘടനകൊണ്ട് ശക്തരാകുവാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ദർശനം ഉൾക്കൊണ്ട് ജീവിക്കുവാനും, പ്രാർത്ഥന അധിഷ്ഠിതമായ കുടുംബജീവിതം വളർത്തിയെടുക്കുവാനും ഈ പുതിയ യൂണിറ്റ് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ ശ്രീ സിറിൾ കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഗുരുമിത്ര കൺവീനർ ശ്രീമതി ബിജിമോൾ അജിമോൻ, ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ അനിൽകുമാർ ശശിധരൻ, നോർത്ത് വെസ്റ്റ് കുടുംബ യൂണിറ്റ് പ്രസിഡന്റ് ശ്രീ ബിനീഷ് ഗോപി, ലീഡ്സ് കുടുംബ യൂണിറ്റ് സെക്രട്ടറി ശ്രീ അരുൺ ശശി എന്നിവർ ആശംസകൾ നേർന്നു. ഷെഫീൽഡ് യൂണിറ്റിന്റെ രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീകുമാർ വരക്കിൽ , ശ്രീ സജി ദിവാകരൻ, ശ്രീ വിപിൻ കുമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:
• പ്രസിഡന്റ്: ശ്രീ സജി ദിവാകരൻ
• വൈസ് പ്രസിഡന്റ്: ശ്രീ അഖിൽ സുകുമാരൻ
• സെക്രട്ടറി: ശ്രീ വിപിൻ കുമാർ
• ജോയിന്റ് സെക്രട്ടറി: ശ്രീ ബിജി വിശ്വനാഥൻ
• ട്രഷറർ: ശ്രീമതി സീമ സുധീഷ്
• ജോയിന്റ് ട്രഷറർ: ശ്രീ ജയലാൽ സുഗതൻ
• ഗുരുമിത്ര (ലേഡീസ്) കോർഡിനേറ്റർ: ശ്രീമതി ബിന്ദു ശ്രീകുമാർ
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഗുരുദേവ ചിത്രത്തിന് മുൻപിൽ വെച്ച് അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങളും മൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുമെന്നും, സ്നേഹവും സഹോദരത്വവും സേവന മനോഭാവവും ഉയർത്തിപ്പിടിക്കുമെന്നും പ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു.
പുതിയ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥിരമായ പ്രാർത്ഥനാ സത്സംഗങ്ങൾ, ആത്മീയ പഠന ക്ലാസുകൾ എന്നിവയ്ക്ക് പുറമെ വനിതകൾക്കായി ‘ഗുരുമിത്ര’ പ്രവർത്തനങ്ങളും, യുവാക്കൾക്കായി ‘യുവധർമ്മ സേന’യും, കുട്ടികളിലെ മൂല്യവർദ്ധനവിനായി ‘ബാലദീപം’ പദ്ധതിയും സജീവമാക്കും. ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന പദ്ധതികൾക്കും ഷെഫീൽഡ് യൂണിറ്റ് പ്രത്യേക പ്രാധാന്യം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ശ്രീ വിപിൻ കുമാർ സ്വാഗതവും ശ്രീമതി സീമ സുധീഷ് നന്ദിയും രേഖപ്പെടുത്തി. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും പുതിയൊരു പ്രത്യാശ പങ്കുവെച്ചുകൊണ്ട് പരിപാടികൾ സമാപിച്ചു.