ദിനേശ് വെള്ളാപ്പള്ളി
ഡെര്‍ബി : മനുഷ്യരാശിക്ക് മുന്നില്‍ നന്മയുടെ വെളിച്ചം തുറന്നിടാന്‍ സാധിച്ച ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ ‘സേവനം യുകെ’ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. മെയ് 21ന് ഡെര്‍ബി ഗീതാഭവന്‍ ഹാളാണ് ഈ ആഘോഷങ്ങള്‍ക്ക് വേദിയാവുക. ഗുരുദേവന്‍ മുന്നോട്ട് വെച്ച് വിശ്വമാനവികതയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സേവന മനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ‘സേവനം യുകെ’. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. ഗീതാഭവന്‍ ഹാളില്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ചടങ്ങുകള്‍. കുടുംബത്തിന്റെ സര്‍വ്വൈശ്യരത്തിനായി ‘ഗുരുദേവ അഷ്ടോത്തര ശതനാമാവലി മന്ത്രാര്‍ച്ചനയും’, ലോകശാന്തിക്കായി ‘ശാന്തി ഹവന ഹോമവും’ ചടങ്ങുകളുടെ ഭാഗമാണ്. യുകെയിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ശാന്തിഹവന മഹായജ്ഞം അരങ്ങേറുക. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകശാന്തിക്കായുള്ള ഈ യജ്ഞം. 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രഹ്മഗിരി ഗുരുപ്രസാദ് സ്വാമികള്‍ ‘ഗുരുദര്‍ശനത്തിന്റെ അകംപൊരുള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തും. 2 മണി മുതല്‍ സമ്മേളനവേദി കലാപരിപാടികള്‍ക്ക് വേദിയൊരുക്കും. 3 മണി മുതല്‍ ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുടുംബ ഐശ്വര്യ പൂജയും നടക്കും. ശ്രീ രാജു പപ്പുവിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് മിഡ് ലാന്‍ഡ് ഹിന്ദു കള്‍ചറല്‍ സമാജം അവതരിപ്പിക്കുന്ന വാദ്യമേളം ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകും.
യുകെയിലെ വ്യത്യസ്തമായ ജീവിത രീതികള്‍ കുടുംബ ബന്ധങ്ങളെ ബാധിക്കുന്നുണ്ട്. കുടുംബങ്ങളുടെ പവിത്രത നമ്മുടെ സംസ്‌കാരത്തിന്റെ സവിശേഷതയാണെന്നുള്ള തിരിച്ചറിവോടെയാണ് ഈ വര്‍ഷത്തെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടത്തിലും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വാര്‍ഷികാഘോഷ വേദിയില്‍ ചാരിറ്റി സ്റ്റാള്‍, കലാപരിപാടികള്‍ എന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സേവനം യുകെ വനിതാ സംഘം കണ്‍വീനര്‍ ഹേമ സുരേഷ് അറിയിച്ചു. യുകെയിലെ വിദൂരസ്ഥലങ്ങളില്‍ നിന്നും തലേദിവസം ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുന്ന ഗുരുദേവ വിശ്വാസികള്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് കുടുംബ യൂണിറ്റ് കണ്‍വീനര്‍ പ്രമോദ് കുമരകം വ്യക്തമാക്കി. ഗുരുദേവ ദര്‍ശങ്ങളുടെ വിളംബരമായി ‘സേവനം യുകെ’ വാര്‍ഷികാഘോഷങ്ങള്‍ മാറ്റാനാണ് സംഘാടകരുടെ പരിശ്രമം.
Leave a Reply