ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബ്രിട്ടൻ. ഇതിന്റെ ഭാഗമായി, കാനഡ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ ഗ്രീൻ ലിസ്റ്റ് പുറത്തിറക്കി. ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ തായ്‌ലൻഡ്, മോന്റെനെഗ്രോ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. കാനഡ, ഡെന്മാർക്ക് എന്നിവയോടൊപ്പം തന്നെ ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, ലിത്വാനിയ, പോർച്ചുഗലിന്റെ ഭാഗമായ ഏയ്‌സോർസ്, ലിക്ടെൻസ്റ്റൈൻ എന്നീ രാജ്യങ്ങളേയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുക. ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവർ ക്വറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് നിയമങ്ങൾ നിഷ്കർഷിക്കുന്നത്. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതേ നിയമം തന്നെയാണ്. എന്നാൽ യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനു മുൻപ് ടെസ്റ്റിംഗ് അനിവാര്യമാണ്. കാനഡയെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പൗരൻമാർക്ക് കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിലവിൽ വിലക്കുണ്ട്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോയി വരുന്ന യുകെ, ഐറിഷ് പൗരന്മാരെ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ പോയിട്ട് വരുന്നവർ സ്വന്തം ചെലവിൽ ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.
ഓരോ രാജ്യങ്ങളിലെയും കേസുകളുടെ എണ്ണം അനുസരിച്ചാണ് പട്ടികയിൽ മാറ്റം വരുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മൂന്ന് ആഴ്ചകൾതോറുമാണ് പട്ടികകൾ പുതുക്കുന്നത്. നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും ആമ്പർ ലിസ്റ്റിലാണ്. ഇത്തരം രാജ്യങ്ങളിൽ പോയിട്ട് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെങ്കിലും, പോകുന്നതിനു മുൻപും തിരിച്ചുവന്ന ശേഷവും ടെസ്റ്റിംഗ് നിർബന്ധമാണ്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, അന്താരാഷ്ട്ര യാത്രകൾ ചിലവേറിയതായി മാറിയിട്ടുണ്ടെന്ന് എയർലൈൻസ് യു കെ വക്താവ് വ്യക്തമാക്കി. യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമാണ് എയർലൈൻ ഇൻഡസ്ട്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ കൂടുതൽ ഇളവുകൾ നൽകുമ്പോൾ അതിനോടൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഓർമിപ്പിച്ചു.
Leave a Reply