ന്യുഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥ്യൂമാന്‍ (ഏഴ്) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്. കേസില്‍ സ്‌കൂളിലെ ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. സോനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥിയെ രാത്രി മുഴുവന്‍ സി.ബി.ഐ ചോദ്യം ചെയ്തു. തുടര്‍ന്ന് ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇന്നലെ രാത്രിയാണ് അറസ്റ്റ് വിവരം പോലീസ് അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടില്ല. അതേസമയം, സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രഥ്യൂമാന്റെ പിതാവ് വരുണ്‍ താക്കൂര്‍ ആരോപിച്ചു. സ്‌കൂളിലെ കുട്ടികള്‍ ആരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിവുപോലെ സ്‌കുളിലെത്തിയ പ്രഥ്യുമാനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രഥ്യൂമാന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹരിയാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായത്.
Leave a Reply