ബിനോയ് എം. ജെ.

ജീവിതത്തിലെ അടിസ്ഥാനപരമായ മൂല്യം ഉപേക്ഷിക്കുക എന്നതാകുന്നു. നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടെങ്കിൽ അത് ‘ഉപേക്ഷ’ ആകുന്നു. ഹിന്ദുക്കൾ അതിനെ ‘ത്യാഗം’ എന്ന് വിളിക്കുന്നു. സമ്പത്തിനെയും ,സത്പേരിനെയും, മറ്റ് പ്രതാപങ്ങളെയും ഉപേക്ഷിക്കണമെന്ന് പറയുമ്പോൾ മനുഷ്യരുടെ മുഖം വാടുന്നു. അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെയും, പ്രാരാബ്ധങ്ങളെയും, ദു:ഖങ്ങളെയും ഉപേക്ഷിക്കുവിൻ!! ഒരു നിമിഷം നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം. നാം നേടിയെടുക്കുവാനുള്ള വ്യഗ്രതയിൽ നല്ലതും ചീത്തയുമായ പലതിനെയും ആർജിച്ചെടുത്ത് നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കി വച്ചിട്ടുണ്ട്. അവയിൽ പലതും നമ്മുടെ ജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവയെ എന്തു ചെയ്യണമെന്ന് നമുക്കറിഞ്ഞുകൂടാ ;നാം ആശയക്കുഴപ്പത്തിലാണ്.

ഇവിടെയാണ് ‘ത്യാഗ’ത്തിന്റെ പ്രസക്തി. അങ്ങനെയൊരു ഘടകം നമ്മുടെ വ്യക്തിത്വത്തിൽ ഉണ്ടോ എന്ന് പോലും സംശയം തോന്നുന്നു. നാം നേടുവാനേ പഠിച്ചിട്ടുള്ളൂ, ഉപേക്ഷിക്കുവാൻ പഠിച്ചിട്ടില്ല. അതായിരുന്നു നാം പഠിക്കേണ്ടിയിരുന്നത്. കണ്ണിൽ കാണുന്നവയെ എല്ലാം നാം സ്വന്തമാക്കുവാൻ വ്യഗ്രത കൂട്ടുന്നു. നമ്മുടെ ശരീരവും, മനസ്സും ,ബുദ്ധിയും, അഹ(ego)വും എല്ലാം നാമാർജ്ജിച്ചെടൂത്തവയാണ്. ആർജ്ജിച്ചെടൂക്കാത്തതായി നമ്മുടെ ആത്മാവ് മാത്രമേയുള്ളൂ. ആർജ്ജിച്ചെടുത്തവയെ എല്ലാം ഉപേക്ഷിച്ചിട്ടേ നമുക്കിവിടെ നിന്ന് പോകുവാനാവൂ. അതിനാൽതന്നെ ഉപേക്ഷിക്കുക അല്ലെങ്കിൽ ത്യജിക്കുക എന്നതാകുന്നു പരമമായ ആദർശം.

അടിസ്ഥാനപരമായും നാമുപേക്ഷിക്കേണ്ടത് നമ്മുടെ നിഷേധാത്മക ചിന്തകളെയാണ്. അവയാണ് നമ്മുടെ ഉള്ളിൽ കിടന്നു കൊണ്ട് ദഹനക്കേട് ഉണ്ടാക്കുന്നത്. ഓരോ നിഷേധാത്മക ചിന്തയും നമ്മുടെ ഉള്ളിലെ ഭാവാത്മക സത്തയോട് അഥവാ ഈശ്വരനോട് സംഘട്ടനത്തിൽ ആവുന്നു. ഇങ്ങനെയാണ് മനസ്സ് ഉണ്ടാവുന്നത്. നിഷേധാത്മക ചിന്തകളോട് നാം പ്രണയത്തിലാണ് എന്ന് തോന്നുന്നു. അവയില്ലാതെ നമുക്ക് വയ്യ. അവ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായി എന്ന് പറയുന്നതിലും കൂടുതൽ ശരി അവ നമ്മുടെ വ്യക്തിത്വം തന്നെയായി എന്ന് പറയുന്നതാവും. ഒന്ന് നോക്കൂ, നാം സദാ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടേയിരിക്കുന്നു. ജീവിതം തന്നെ പ്രശ്നങ്ങളുടെ ഒരു സമാഹാരമാണ്. നാമെന്തിനോടാണ് സദാ പൊരുതിക്കൊണ്ടിരിക്കുന്നത് ? പ്രശ്നങ്ങളോട് അഥവാ നിഷേധാത്മക ചിന്തകളോട്. നിഷേധാത്മക ചിന്തകളെ ഓരോന്നായി ഉപേക്ഷിക്കുവിൻ. അപ്പോൾ നമ്മുടെ ദു:ഖങ്ങളും മാറിവരുന്നതായി കാണുവാൻ കഴിയും.

സ്വാർത്ഥതയും മനസ്സും അഹവുമെല്ലാം നിഷേധാത്മക ചിന്തകളുടെ സമാഹാരങ്ങളാകുന്നു. അവ നമ്മുടെ മിത്രങ്ങളല്ല, മറിച്ച് ശത്രുക്കൾ തന്നെയാകുന്നു. നാം മന:സ്സിനെയും, സ്വാർത്ഥതയെയും, അഹത്തെയും വാരിപ്പുണരുമ്പോൾ നാം സാത്താനെ തന്നെയാണ് വാരിപ്പുണരുന്നത്. അതുകൊണ്ടാണ് നമുക്ക് ജീവിതത്തിൽ ശാന്തി കിട്ടാതെ പോകുന്നത്. അതിനാൽ ഉണർവ്വോടെ ഇരിപ്പിൻ.

നമ്മുടെ പ്രശ്നങ്ങൾ പല തരത്തിൽ ആണെങ്കിലും അവയ് ക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്. ഈ നാനാത്വത്തിൽ ഒരു ഏകത്വം ഉണ്ട്. പ്രകൃതിയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്നു എന്നതാണ് ഈ സവിശേഷത. നൈസർഗ്ഗികമായ ‘സർവ്വാധിപത്യം’ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. സർവ്വാധിപത്യം നഷ്ടപ്പെടുന്ന മനുഷ്യൻ സ്വാഭാവികമായും അത് വീണ്ടെടുക്കുവാൻ ഒരു മാർഗ്ഗം അന്വേഷിക്കുന്നു. ഈ അന്വേഷണം അവനെ ആപേക്ഷികജ്ഞാനത്തിലും ആശയക്കുഴപ്പത്തിലും കൊണ്ട് ചെന്നെത്തിക്കുന്നു. ഈ ആശയക്കുഴപ്പം അവനെ വീണ്ടും സർവ്വാധിപത്യത്തിൽ നിന്നും തെറിപ്പിക്കുന്നു. ഇപ്രകാരം ഒരു ദൂഷിതവലയത്തിൽ അകപ്പെടുന്ന മനുഷ്യന്റെ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കാതെ പോകുന്നു. അതിനാൽ പ്രശ്നങ്ങളെയും അവയോട് ചേർന്ന് നിൽക്കുന്ന ആപേക്ഷികജ്ഞാനത്തെയും ദൂരെയെറിയുവിൻ !അപ്പോൾ നിങ്ങളിലെ നിരപേക്ഷികജ്ഞാനം അഥവാ ‘സത്യം’ പ്രകാശിക്കും .

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120