മൊബൈൽ ഫോണും, കാറും മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പഴയ തലമുറയുടെ ജീവിതം എത്ര സുന്ദരവും ആസ്വാദ്യകരവും ആയിരുന്നു എന്നതിൻെറ നേർകാഴ്ചയാവുകയാണ് സിംഗപ്പൂരിൽ താമസിക്കുന്ന മെട്രിസ് ഫിലിപ്പ്, തൻറെ മുത്തച്ഛനും മുത്തശ്ശിയ്ക്കും എഴുപത്തിയഞ്ചാം വിവാഹവാർഷികത്തിൽ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽമീഡിയയിൽ നൽകിയ കുറിപ്പ്. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന മെട്രിസ് ഫിലിപ്പ് ഉഴവൂർ സെന്റ് സ്റ്റീഫൻസ്  കോളേജിലെ മുൻ ലൈബ്രേറിയനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. മുമ്പൊക്കെ രാവന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കേണ്ടി വരുമായിരുന്നെങ്കിലും സമയത്തിന് കുറവുണ്ടായിരുന്നില്ല, ആർക്കും ജീവിതശൈലി രോഗങ്ങളും ഇല്ലായിരുന്നു. വയറുനിറച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നതിൽ മടി കാട്ടേണ്ടതുമില്ലായിരുന്നു. ഉഴവൂർ എള്ളങ്കിൽ വീട്ടിൽ കുഞ്ഞു മത്തായി എന്ന മാത്യുവും മറിയക്കുട്ടിയുമാണ് കഴിഞ്ഞദിവസം തങ്ങളുടെ എഴുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. മാത്യുവിൻെറ പതിനാലാം വയസ്സിലാണ് മറിയക്കുട്ടി ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്.

ജോസ് പരപ്പനാട്ട് മാത്യു

മറിയക്കുട്ടിയുടെ അനിയത്തിയുടെ മകനും യുകെ സി സി മുൻ ഭാരവാഹിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുകെ ഘടകത്തിലെ മുൻനിര നേതാവുമായ ജോസ് പരപ്പനാട്ട് മാത്യു മറിയക്കുട്ടിയുടെയും മാത്യുചേട്ടൻെറയും എഴുപത്തഞ്ചാം വിവാഹവാർഷികത്തിന് ആശംസകൾ അറിയിക്കുകയും താൻ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു ദാമ്പത്യ ജീവിതത്തിന് ഉടമകളും മാതൃകാപരമായ ദമ്പതികളുമാണ് മറിയക്കുട്ടിയും മാത്യുചേട്ടനുമെന്ന് മലയാളം യുകെയോടെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മെട്രിസ് ഫിലിപ്പിൻെറ പോസ്റ്റ് വായിക്കാം

ഉഴവൂർ എള്ളങ്കിൽ വീട്ടിൽ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് 1945 ൽ ഒരു വിവാഹം നടന്നു. കരിംങ്കുന്നം,വടക്കുമുറി പള്ളി ഇടവകയിൽപെട്ട മറ്റപ്പള്ളിൽ മറിയം എന്ന് വിളിക്കുന്ന മറിയകുട്ടിയെ തന്റെ 14 മത്തെ വയസ്സിൽ, ഉഴവൂർ ഇടവക എള്ളങ്കിൽ കുഞ്ഞുമത്തായി എന്ന് വിളിക്കുന്ന മാത്യു കയ്യ്പിടിച്ചു കൊണ്ടു വന്ന ദിവസത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ. അന്നും ഇന്നും സുന്ദരനും സുന്ദരിയും ആയ നമ്മുടെയെല്ലാം പ്രീയപ്പെട്ട അപ്പച്ചനും അമ്മച്ചിക്കും വിവാഹ ജൂബിലി ആശംസകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്നത്തെ കാലത്തു വാഹനങ്ങൾ ഇല്ല. വിവാഹത്തിന് കാള വണ്ടിയിൽ ആണ് വന്നത് എന്ന് അമ്മച്ചി പറഞ്ഞത് ഓർക്കുന്നു. പിന്നീട് വടക്കുമുറി- ഉഴവൂർ വലിയ ഒരു ദൂരം ഒന്നുമല്ല എന്ന് പറയും. രാവിലെ ചൂട്ടും കത്തിച്ചിറങ്ങി, നെല്ലാപ്പാറ കേറ്റം കേറി, കുണിഞ്ഞിമല ഇറങ്ങി, രാമപുരത്തു പള്ളിയിൽ നേർച്ചയിട്ട്, കൂടപ്പലം, പാറത്തോട് കേറ്റവും കയറി ഉഴവൂരിൽ എത്തുമ്പോൾ നേരം 10 മണിപോലും ആവില്ല. ആ നടപ്പിന് ഒരു മടിയും തോന്നുകയും ഇല്ല.
അന്നത്തെ കാലത്തെ ഭുപ്രമാണികൾ ആയിരുന്നു, വടക്കുംമുറി മറ്റപ്പളിയിൽ അപ്പനും ഉഴവൂർ എള്ളങ്കിൽ വലിയഅപ്പനും. എന്റെ സ്കൂൾ കാലഘട്ടസമയത്തു, മറ്റപ്പിള്ളിലെ, തറവാട്ടിൽ പോയിട്ടുണ്ട്. നെല്ല്, കപ്പ, തെങ്ങാ, കുരുമുളക്, കൂടാതെ തേനീച്ച കൂടുകൾ ധാരാളം ഉണ്ടായിരുന്നു അവിടെ. അപ്പന്റെ പ്രധാന ശീലം തേൻ കുടിക്കൽ തന്നെ. 100 നു മുകളിൽ പ്രായം ചെന്നാണ് മരിച്ചത്. അപ്പന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്.

മെട്രിസ് ഫിലിപ്പ്

അത്പോലെ തന്നെയാണ്, എള്ളങ്കിൽ വീട്ടിലെയും ഭൂസ്വത്തുക്കൾ. അന്നത്തെ ഭൂപ്രമാണിമാരിൽ “മണ്ണൂർ അപ്പൻ” പ്രധാനി ആയിരുന്നു. അപ്പൻ മണ്ണൂർതറവാട്ടിൽ ആയിരുന്നു താമസം. മകൻ കുഞ്ഞുമത്തായിക്കു, റോഡ് സൈഡിൽ അറയും, നിറയും ഉള്ള ഒരു വീട് വെച്ചു, മറിയകുട്ടിയുമായി താമസം തുടങ്ങി. ഇട്ട്മൂടാൻ നെല്ലും, കപ്പ, തേങ്ങാ, അങ്ങനെ എല്ലാം എല്ലാം. അപ്പച്ചനും പണിക്കാരും, രാവേറെ പണിയെടുക്കും. വൈകുന്നേരം ചാരായം, അല്ലെങ്കിൽ കള്ള് നിർബന്ധം. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുന്നെ നെറ്റിയിൽ കുരിശു വരക്കും. അത് എന്നാ പൂസായിട്ടിരുന്നാലും. ഉച്ചക്ക് വീട്ടിൽനെല്ല് കുത്തിഎടുക്കുന്ന ചോറും, മീൻ/പോത്തു കറി കൂടാതെ മോരും നിർബന്ധം. കറി ചെറിയ പാത്രത്തിൽ കൊടുക്കണം. കട്ടി തൈർ/മോരില്ലങ്കിൽ, അപ്പച്ചൻ തെറിപറഞ്ഞു കാത്പൊട്ടിക്കും. കുടുംബത്തിൽ അല്പ്പം വഴക്കും തെറിയും ഇല്ലങ്കിൽ പിന്നെ അന്നത്തെ കാലത് എന്തോന്നാല്ലേ.

അപ്പച്ചൻ ഒരു പേറു മുറി ഉണ്ടാക്കി എന്ന് വേണമെങ്കിൽ പറയാം. കാരണം അമ്മച്ചി 8 മക്കളെ പ്രസവിച്ചു. 4 ആണും 4 പെണ്ണും. സൈമൻ(പരേതൻ), കുഞ്ഞുകുട്ടപ്പൻ, ശാന്തമ്മ, ആൻസി, എലസ്സി, ജോസ്, സാലി, കുഞ്ഞുമോൻ. സഭാരീതിയിൽ തന്നെ, എല്ലാവരും വിവാഹം കഴിച്ചു. അവർക്കെല്ലാം മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ആയി കൊണ്ടിരിക്കുന്നു. മക്കളുടെ വിവാഹത്തിന് ശേഷം, അമ്മച്ചിക്കു തിരക്കു കൂടി. പേറ് മുറിക്കു റെസ്റ്റില്ല. ഒരാൾ പ്രസവിച്ചു പോയി കഴിഞ്ഞാൽ, അടുത്ത ആൾ റെഡി ആയി വന്നിരിക്കും. അപ്പച്ചൻ, ഈ പെൺമക്കളെ കൊണ്ട്, കാരിമാക്കി തോട് കടന്നു, ഉഴവൂർ ആശുപത്രിയിൽ, എത്തുന്നതിനുമുന്നേ, പ്രസവിച്ചിട്ടുണ്ട്ന്നു പറഞ്ഞത് ഓർക്കുന്നു. അമ്മച്ചിക്കു, അമ്മച്ചിയുടെ അപ്പൻ ചെയ്തു കൊടുത്തപോലെ തന്നെ പ്രസവശുശ്രുഷ ചെയണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഓരോ പ്രസവം കഴിയുമ്പോൾ ആട്ടിൻ സൂപ്പ് നിർബന്ധം. എന്തൊക്കെ പറഞ്ഞാലും, എള്ളങ്കിൽ, ഇന്നും സൂക്ഷിക്കുന്ന ആ പഴയ വീട് ഒരു രാശിഉള്ള വീട് തന്നെ ആയിരുന്നു. അത്താഴത്തിനു മുന്നേ, മക്കളെ കൂട്ടി, അപ്പൻ രൂപകൂടിൽപിടിച്ചു കൊണ്ടുനടത്തുന്ന പ്രാർത്ഥനകേട്ടാൽ ദൈവം തമ്പുരാൻ ഇറങ്ങി വരും.

അമ്മച്ചി ഉണ്ടാക്കുന്ന കറിയുടെ രുചി ഏറ്റവും കൂടുതൽ അറിഞ്ഞത്, കൊച്ചുമക്കളിൽ എനിക്ക് തന്നെ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ, ഉണ്ടായ ഒരു അപകടത്തിൽ, എന്നെ ശുശ്രഷിച്ചത് അമ്മച്ചി ആയത് കൊണ്ട്, എള്ളങ്കിൽ വീട്ടിൽ എനിക്ക് കൂറേകാലം താമസിക്കാൻ സാധിച്ചു. അന്ന് അമ്മച്ചിയുടെ ഒരു കഷ്ട്ടപാട്ന്ന് പറഞ്ഞത് ഇപ്പോളും ഓർക്കുന്നു. തേങ്ങാ കൊത്തിയിട്ട ഉണക്കമീൻ കറിയും, ചെമ്മീൻ പൊടിയും കഴിച്ചത്തിന്റെ രുചി ഒന്ന് വേറെ തന്നെ. അത് പോലെ കണ്ടതിൽ പണിക്കർക്ക്, കഞ്ഞിയും കപ്പയും കൊണ്ട്, കൂടുതൽ കാലം പോകുവാൻ എനിക്ക് സാധിച്ചു.
അമ്മച്ചിയുടെ 75th വയസ്സിൽ ഒരു മാസം സിംഗപൂരിൽ കൊണ്ട് വന്ന് താമസിപ്പിച്ചു.
വിവാഹത്തിന്റെ 75th വാർഷിക സമയത്, എന്റെ മാതാപിതാക്കളുടെ 51st വാർഷികം കൂടിയാണ് എന്നതിൽ കൂടുതൽ സന്തോഷം. കൊറോണ കാലം ആയിട്ടും, മക്കൾ എല്ലാം ഒത്തുചേർന്ന് പിടിയും കോഴിയും ഉണ്ടാകുവാൻ തയാർ എടുക്കുന്നു.
അപ്പാപ്പൻ, അപ്പൻ, അമ്മച്ചി, അമ്മേ, എന്നിങ്ങനെ വിവിധ പേരുകൾ വിളിച്ചുകൊണ്ട് മക്കൾ ഏത് ആവശ്യത്തിനും ഓടി എത്തും.
ഉഴവൂർ ഇടവക സമൂഹത്തിന് ഒരു അഭിമാന നിമിഷം ആണ് ഈ ജൂബിലി. കോട്ടയം അതി രൂപതാ അഭി.പിതാവ് AD 345 ഇന്നോവ കാർ, ഈ വീടിന് മുന്നിൽ നിർത്തി ഇവരെ ആദരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, സഭയുടെ പത്രമായ അപ്പനാദേശ്, ഒരു ഇന്റർവ്യൂ നടത്തി പബ്ലിഷ് ചെയ്യണം. സീറോ മലബാർ സഭ, കൂടാതെ രാക്ഷ്ട്രിയ, സാമൂഹ്യ, മേഖലകിളിൽ ഉള്ളവർ ഇവരെ വീട്ടിൽ ചെന്ന് ആദരിക്കണം. അതൊക്കെ ഒരു വലിയ അംഗീകാരം ആയി ഇവർ കരുതും. ആധുനിക കാലത്, വിവാഹജീവിതം നയിക്കുന്നവർ, ഇവരെ കണ്ട് പഠിക്കണം. അമ്മചിക്കു, അപ്പച്ചനോടുള്ള സ്‌നേഹം ഒന്നുകാണേണ്ടത് തന്നെയാണ്. ഇന്നും അലക്കി തേച്ചു, കസവു നേരിയതിൽ, ബ്രോച്ചും കുത്തി യിറങ്ങുമ്പോൾ, ആ കാതിലെ കുണുക്കു ഇപ്പോളും തിളങ്ങും.മക്കളുടെയും കൊച്ചുമക്കളുടെയും പ്രാർത്ഥനാനിർഭരമായ ജൂബിലി ആശംസകൾ നേരുന്നു. അപ്പച്ചനും അമ്മച്ചിക്കും ചക്കര ഉമ്മകൾ…