ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ സർക്കാരിന്റെ പ്രധാനമന്ത്രി അഹ്മദ് അല്‍ റവാഹി ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
യെമൻ തലസ്ഥാനമായ സനയില്‍ ഒരു അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് പ്രധാനമന്ത്രി അടക്കമുള്ള ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2014 മുതല്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് പിന്നാലെ യെമൻ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. തലസ്ഥാനമായ സനയെ നിയന്ത്രിക്കുന്ന വടക്കൻ ഭാഗത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്കും തെക്ക് ഭാഗത്ത് റഷാദ് അല്‍-അലിമി പ്രസിഡന്റായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനുമായി രാജ്യത്തിന്റെ നിയന്ത്രണം വിഭജിക്കപ്പെട്ടിരിക്കുന്നു.
ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേല്‍ വിരുദ്ധ സംഘടനകളുടെ ഭാഗമാണ് ഹൂതികള്‍.
ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സനയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അതിഫി, ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അല്‍ കരീം അല്‍ ഖമാരി എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
Leave a Reply