ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ഉയർന്ന നിലയിൽ പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചുദിവസത്തേക്ക് ഇത് ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ശനിയാഴ്ചയോടെ ഇത് വെയിൽസിലേക്കും നോർത്തേൺ അയർലണ്ടിലേക്കും വ്യാപിക്കും എന്നും അധികൃതർ പറയുന്നു. ഇതിനുപുറമെ അടുത്ത ആഴ്ചയിൽ ഉയർന്ന ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായും മെറ്റ് ഓഫീസ് പറഞ്ഞു.
ഈ കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആസ്മ, ക്രോണിക് ഒബ്സ്ട്രാക്ടറി പൾമനറി ഡിസീസ് തുടങ്ങിയ രോഗമുള്ളവർ പൂമ്പൊടി ശ്വസിച്ചാൽ രോഗാവസ്ഥ മോശമാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ. വരും ദിവസങ്ങളിൽ ആസ്മാബാധിതർ നിർദ്ദേശിച്ച പ്രകാരം എല്ലാദിവസവും പ്രിവന്റ്റെർ ഇൻഹെയിലർ എടുക്കണം കൂടാതെ തങ്ങളുടെ പക്കൽ എപ്പോഴും ഒരു റിലീവർ ഇൻഹെയിലർ കൊണ്ടുനടക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ പറയുന്നു.
ഹേ ഫീവർ ബാധിച്ചവർക്ക് ആൻറി ഹിസ്റ്റമിനുകൾ എടുക്കാം. കൂടാതെ സ്റ്റിറോയ്ഡ് നേസൽ സ്പ്രേ ഉപയോഗിക്കുന്നതിനെപ്പറ്റി അവരുടെ ജിപിയോട് നിർദ്ദേശം തേടാം. ഇത്തരം ആളുകൾ ഉയർന്ന പൂമ്പൊടിയുള്ള സമയത്ത് പുറത്തിറങ്ങാത്തതായിരിക്കും നല്ലത്. അലർജി ഉള്ളവർ വരും ദിവസങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
1. അലക്കിയ തുണികൾ പുറത്ത് വിരിച്ച് ഇടാതെ ഇരിക്കുക – പൂമ്പൊടി വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാം
2. പുറത്തിറങ്ങിയാൽ വീട്ടിൽ വന്നതിനുശേഷം ഉടനെ തന്നെ കുളിക്കുക – ഇത് മുടിയിൽ നിന്നും ചർമ്മത്തിൽ നിന്നും പൂമ്പൊടിയെ നീക്കം ചെയ്യുന്നു.
3. ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കുക.
4. ആന്റി ഹിസ്റ്റാമിനുകൾ നേരത്തെ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
5. ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുക.
6. ആപ്പിളും സവാളയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്ത ഈ കാര്യങ്ങൾ റിയാക്ഷനുകൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. അതേസമയം അടുത്ത ആഴ്ച രാജ്യത്തെ പല സ്ഥലങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
Leave a Reply