ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ തുടർന്ന് കാണാതായവരിൽ ബ്രിട്ടീഷ് സഹോദരിമാരും ഉൾപ്പെടുന്നു. 16 കാരിയായ നോയ, 13 കാരിയായ യാഹിൽ എന്നിവർ കിബ്ബട്ട്സ് ബീറിയിൽ നിന്നുള്ളവരാണ്. യുകെയിൽ ജനിച്ച അവരുടെ അമ്മ ലിയാൻ ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവരുടെ പിതാവിനെയും കാണാനില്ലെന്നാണ് വിവരം. പെൺകുട്ടികളുടെ കുടുംബപ്പേര് പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിൽ ആറ് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടതായും 10 പേരെ കാണാതായതായും തിങ്കളാഴ്ച പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇതുവരെ എട്ട് വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് 500 ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും കൂടുതൽ പേർ വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളാക്കിയ 199 പേരെ ഉടൻ മോചിപ്പിക്കണമെന്ന് എംപിമാർക്ക് നൽകിയ പ്രസ്താവനയിൽ സുനക് ആവശ്യപ്പെട്ടു.

ആക്രമണങ്ങളിൽ ഇതുവരെ 4070 ഓളം പേർ കൊല്ലപ്പെട്ടു. വടക്കൻമേഖലയിൽ നിന്ന് രണ്ട് ദിവസംകൊണ്ട് പലായനം ചെയ്തത് പത്തുലക്ഷത്തിലധികം പേരാണ്. പത്തുദിവസമായിതുടരുന്ന യുദ്ധത്തിൽ ഇസ്രായേലിൽ 1400 പേരും ഗാസയിൽ 2808 പേരും കൊല്ലപ്പെട്ടു.