ഇംഗ്ലണ്ടിൽ , ലൈംഗികമായി പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. 2018ൽ 447694 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2017നേക്കാൾ 5% വർധനവാണ് ഉണ്ടായത്. യുവാക്കളിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നത്. ഗൊണോറിയ,ക്ലമീഡിയ, ജനിറ്റൽ വാർട്സ്, ജനിറ്റൽ ഹെർപ്പസ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരികയാണ്. യുവാക്കളിൽ തന്നെ സ്വവർഗ്ഗാനുരാഗിയായ ആളുകളിൽ ഇത്തരം രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. ലൈംഗിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ വർധനവ് കാണപ്പെട്ടത് ‘ഗൊണോറിയ’ എന്ന രോഗത്തിനാണ്. 56, 259 കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. 26% വർധനവ് ഉണ്ടായി. 1978നു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ വർധനവ് ഉണ്ടാകുന്നത്. പുരുഷനിലും സ്ത്രീയിലും ഈ രോഗം പടർന്നുപിടിക്കുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന്റെ അപകടസാധ്യതകളെകുറിച്ച് പൊതുജനാരോഗ്യ ഡോക്ടർമാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ ഗൊണോറിയ കേസുകളുടെ എണ്ണം വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരേ ശുചിമുറി ഉപയോഗിച്ചതുകൊണ്ടോ മറ്റോ ഗൊണോറിയ പകരാറില്ല. പക്ഷേ രോഗലക്ഷണങ്ങൾ കാണാത്ത ചിലരിൽ നിന്നും മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. പ്രതിരോധമരുന്നുകൾ കൊണ്ട് ചികിത്സിക്കുവാൻ കഴിയുമെങ്കിലും സൂപ്പർ ഗൊണോറിയ എന്ന അവസ്ഥയിൽ ആന്റിബയോട്ടിക്‌സ് പോലും ഫലപ്രദം ആയേക്കില്ല. ഈ രോഗം മൂലം സ്ത്രീകളിൽ വന്ധ്യത വരെ ഉണ്ടായേക്കാം. പലരും ടെസ്റ്റുകൾ നടത്തുവാൻ മടികാണിക്കുന്നു എന്നത് പ്രധാന പ്രശ്നമാണ്.
” നിങ്ങൾ ഏത് പ്രായത്തിൽ ആണെങ്കിലും ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ലൈംഗികാരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ” പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഗ്വേണ്ട ഹ്യൂഗ്‌സ് പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സോഷ്യൽ ഹെൽത്ത് ആൻഡ് എച്ച്ഐവിയിലെ ഡോക്ടർ ഓൾവെൻ വില്യംസ് ഇപ്രകാരം പറഞ്ഞു. ” ലൈംഗികാരോഗ്യ സേവനത്തിന് ആവശ്യമായ പണം ലഭിക്കുന്നില്ല. ഇതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുന്നില്ല. പെരുകിവരുന്ന ലൈംഗിക രോഗങ്ങളെപ്പറ്റി ഏവരെയും ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അത് ബ്രിട്ടൻ എന്ന രാജ്യത്തെ തന്നെ ബാധിക്കും. ” ഈ ലൈംഗിക രോഗങ്ങളിൽ ജനിറ്റൽ വാർട്സ് എന്ന രോഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായി കാണുന്നു. എച്ച്പിവി വാക്സിൻ മൂലമാണ് ഇതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
Leave a Reply