ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇതിൻപ്രകാരം ഇനിമുതൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് 9 വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരിക്കും. ഗർഭനിരോധനം പോലുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് നൽകുന്നത് 13 വയസ്സിനു ശേഷമായിരിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഗവൺമെൻറ് പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖ വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് .


സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ റിലേഷൻഷിപ്പ്, സെക്സ്, ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവയെ കുറിച്ച് വിശദമായ മാർഗ്ഗരേഖകൾ ഉണ്ടാകും. കൂടാതെ ലിംഗ ഭേദത്തെ കുറിച്ച് എങ്ങനെ വിശദീകരിക്കണമെന്ന കാര്യങ്ങളും നിർദ്ദേശങ്ങളിൽ ഉൾപ്പെടും. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ഒരു വിദഗ്ധ സമിതി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനമാക്കിയുള്ളതാണ് . ഇതിൻറെ അടിസ്ഥാനത്തിൽ 5 ക്ലാസിന് മുൻപുള്ള ഏതെങ്കിലും രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ഇല്ലാതാകും.


എന്നിരുന്നാലും 9 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന പ്രശ്നാധിഷ്ഠിത കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ സ്കൂളുകൾക്ക് അനുമതിയുണ്ടാകും. ഉദാഹരണത്തിന് ഒരു ചെറിയ കുട്ടി അനുചിതമായ ചിത്രം മറ്റുള്ളവരുമായി പങ്കുവെച്ചാൽ എന്തുചെയ്യണമെന്ന് തുടങ്ങിയ കാര്യങ്ങൾക്ക് ഉചിതമായ രീതിയിൽ ഇടപെടലുകൾ നടത്താൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ടാകും. സർക്കാർ നിർദേശങ്ങൾ ഇതുവരെ അന്തിമമായിട്ടില്ല. മന്ത്രി തല ചർച്ചകൾക്ക് ശേഷം നിർദ്ദേശങ്ങൾക്ക് അന്തിമരൂപം ആകുകയുള്ളൂ.