കൊല്ലം: ലൈംഗിക വ്യാപാരത്തിനായി വിദേശത്തേക്ക് സ്ത്രീകളെ കടത്തിയ കൊല്ലം കുളത്തുപ്പുഴ പള്ളിത്താഴത്തു വീട്ടില്‍ കെടി സിയാദ് (44), എറണാകുളം പനമ്പള്ളിനഗര്‍ പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം കാട്ടുംപുറത്ത് കെജി ജോസഫ് (42) എന്നിവരെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തു. പനമ്പള്ളിനഗര്‍ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ജോസഫാണ് കഴിഞ്ഞ ഡിസംബറില്‍ സ്ത്രീയെ സമീപിച്ചത്. ടിക്കറ്റ് ചാര്‍ജു പോലും വേണ്ടെന്ന് പറഞ്ഞതോടെ സ്ത്രീ യാത്രക്ക് സമ്മതിച്ചു. വിമാനത്താവളത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത ഒരു കെട്ടിടത്തിലേക്കാണ് സിയാദ് കൂട്ടിക്കൊണ്ടു പോയതെന്ന് സ്ത്രീ പറയുന്നു. പൂട്ടിയിട്ട നിലയില്‍ 80 ലധികം സ്ത്രീകള്‍ അവിടെയുണ്ടായിരുന്നു. സിയാദിന്റെ ഭാര്യ സീനയായിരുന്നു കെട്ടിടത്തിന്റെ ചുമതലക്കാരി.
എല്ലാ ദിവസവും അറബികള്‍ കെട്ടിടത്തിലെത്തി സ്ത്രീകളെ തിരഞ്ഞെടുക്കുകയാണ് പതിവ്. ഇത്തരത്തില്‍ പോയ ഒരു സ്ത്രീ തിരികെയെത്തി പീഡനവിവരം പറഞ്ഞതോടെയാണ് താന്‍ കെണിയില്‍പ്പെട്ട വിവരം അറിഞ്ഞത്. സാധാരണഗതിയില്‍ ഒരിക്കല്‍ അറബികള്‍ കൊണ്ടുപോകുന്ന സ്ത്രീകള്‍ കെട്ടിടത്തിലേക്ക് മടങ്ങി വരാറില്ല. എന്നാല്‍, ഏതോവിധത്തില്‍ മടങ്ങിയെത്തിയ സ്ത്രീയാണ് തനിക്ക് വിവരങ്ങള്‍ കൈമാറിയതെന്ന് യുവതി വെളിപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാന്‍ വാശിപിടിച്ചതോടെ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെടാന്‍ ദിവസത്തിലൊരിക്കല്‍ വീട്ടിലേക്ക് വിളിക്കാന്‍ സീന അനുവദിച്ചു. വീട്ടുകാര്‍ ഒന്നര ലക്ഷം രൂപ അയച്ചു തന്നു. ബാക്കി പണം നാട്ടിലെത്തുമ്പോള്‍ നല്‍കാമെന്ന് വീട്ടുകാര്‍ സിയാദിനെ അറിയിച്ചതോടെ നാട്ടിലെത്തിച്ചു.
നാട്ടിലെത്തിയ യുവതിയോട് വീണ്ടും ഒന്നര ലക്ഷം രൂപ ജോസഫും സിയാദും ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് സ്ത്രീ സിയാദിനെ അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം എത്തിയ സിയാദിനെ ഷാഡോ എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് 90,000 രൂപ, ലാപ്‌ടോപ്പ്, നിരവധി ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. പിന്നീട് സിയാദിനെ കൊണ്ട് ജോസഫിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിരവധി അടിപിടിക്കേസുകളുണ്ട്. പനമ്പള്ളിനഗറില്‍ പാസ്‌പോര്‍ട്ട് ഏജന്റായി പ്രവര്‍ത്തിച്ചാണ് ജോസഫ് സ്ത്രീകളെ വലയിലാക്കിയിരുന്നത്.