സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പന്തീരാങ്കാവ് പോലീസാണ് കേസ്സെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലീസ് നിര്‍ദേശിച്ചു.

കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തെ കുറിച്ച് ഒരു നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. മറ്റൊരു നടി തന്നെ ശല്ല്യപ്പെടുത്തിയയാളെ അടിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.

വനിത പോലീസ് ഉദ്യോഗസ്ഥര്‍ നടിമാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ത സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസ്സുകളെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്