വാറ്റ്ഫോര്‍ഡ്: ജോലി സ്ഥലത്ത് വച്ച് മലയാളി നഴ്സിനെ അപമാനിക്കാന്‍ ശ്രമിച്ചതായി കേസ്. യുകെയില്‍ ഈസ്റ്റ് ആംഗ്ലിയയിലെ വാറ്റ്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ ആണ് സംഭവം നടന്നത്. ഇവിടെ ബാന്‍ഡ് 6 സിസ്റ്ററായി ജോലി ചെയ്തു വരുന്ന മലയാളിക്കാണ് ദുരനുഭവം ഉണ്ടായത്. അതും തന്‍റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയില്‍ നിന്നും. ഹോസ്പിറ്റലില്‍ ഒരേ വിഭാഗത്തില്‍ വ്യത്യസ്ത തസ്തികകളില്‍ ആണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
പരാതിക്കാരിയുടെ അതേ വിഭാഗത്തില്‍ ഡൊമസ്റ്റിക് തസ്തികയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളിയാണ് അപമാന ശ്രമം നടത്തിയത്. വാര്‍ഡില്‍ മറ്റാള്‍ക്കാര്‍ ഇല്ലാതിരുന്ന അവസരത്തില്‍ അപമര്യദയായ രീതിയില്‍ പരാതിക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു കൂടെ ജോലി ചെയ്തിരുന്ന മറ്റേയാള്‍ ചെയ്തത്. തന്‍റെ സഹപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായപ്പോള്‍ ആദ്യം പകച്ച് പോയെങ്കിലും പരാതിക്കാരി ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ടയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മാത്രവുമല്ല കേസ് തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറുകയും ചെയ്തിരിക്കുകയാണ്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന്‍ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ ഉള്‍പ്പെട്ട ആളുകളെ സംബന്ധിച്ചും കേസിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണെങ്കിലും വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങല്‍ ഇപ്പോള്‍ പുറത്ത് വിടേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. മാത്രവുമല്ല കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കോടതിയുടെ തീര്‍പ്പ്‌ ഉണ്ടാകുന്നത് വരെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിയമപരമായ തടസ്സങ്ങളും ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം ഈസ്റ്റ് ആംഗ്ലിയയിലെ തന്നെ കോള്‍ചെസ്റ്ററിലും ഉണ്ടായിരുന്നത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ അസോസിയേഷന്‍റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കവേ ഒരു മുന്‍ ഭാരവാഹി അസോസിയേഷനിലെ വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറുക ആയിരുന്നു. യുക്മയുടെ ദേശീയ ഭാരവാഹിത്വം വരെ വഹിച്ചിട്ടുള്ള ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു ഇങ്ങനെ പെരുമാറിയതെന്നാണ് കോള്‍ചെസ്റ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഈ സംഭവത്തെ തുടര്‍ന്ന്‍ അസോസിയേഷന്‍റെ പരിപാടികള്‍ക്കിടയില്‍ ഒച്ചപ്പാട് ഉണ്ടാവുകയും ഇയാള്‍ പരിപാടി തീരും മുന്‍പ് സ്ഥലം വിടുകയുമായിരുന്നു. മാത്രവുമല്ല പരാതിക്കാരി പോലീസിലും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് രേഖാമൂലം മാപ്പപേക്ഷ നല്‍കുകയും മേലില്‍ തന്‍റെ ഭാഗത്ത് നിന്നും ഇത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ല എന്ന്‍ ഉറപ്പ് കൊടുക്കുകയും ചെയ്യുകയായിരുന്നു.

എന്തായാലും യുകെയിലെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയില്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ ആണ് ഈയടുത്ത കാലത്ത് വന്നു കൊണ്ടിരിക്കുന്നത്. നാട്ടില്‍ മലയാളികള്‍ക്കിടയില്‍ നടമാടിയിരുന്ന പലിശ ബിസിനസ്സ് പോലുള്ള ചില സംഭവങ്ങളും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും പോലീസ് കേസും യുകെയിലും ഉണ്ടായതായും മലയാളം യുകെ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.